വ്യാജ മുൻ പരിചയ സർട്ടിഫിക്കറ്റ് കേസിൽ അഗളി പൊലീസ് അറസ്റ്റ് ചെയ്ത വിദ്യയുടെ തെളിവെടുപ്പ് ഇന്ന് നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പൾ ഇന്ന് അഗളി പൊലീസ് മുൻപാകെ മൊഴി നൽകാൻ എത്തും. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൾ കൂടെ അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് വിദ്യ പൊലീസിൽ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പൾ തെളിവെടുപ്പിന് ഹാജരാവുന്നത് എന്നതാണ് ശ്രദ്ധേയം. രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്. ഇതിന് ശേഷം വിദ്യയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി എന്ന നിലയിൽ റിമാൻഡിൽ വിടുകയും ചെയ്യും.
കെ.വിദ്യ ഒളിവിൽ കഴിഞ്ഞ വീട് പൂട്ടിയ നിലയിലാണ്. മുൻ എസ്എഫ്‌ഐ നേതാവ് റോവിത്തിന്റെ വീട്ടിലാണ് വിദ്യ ഒളിവിൽ കഴിഞ്ഞത്. കാലിക്കറ്റ് സർവകലാശാല മുൻ എസ്എഫ്‌ഐ പ്രവർത്തകനാണ് റോവിത്ത്.
വില്യാപ്പള്ളി പഞ്ചായത്ത് 13 ആം വാർഡിലെ വീടാണ് പൂട്ടിയിട്ടിരിക്കുന്നത്. വിദ്യയ്ക്ക് ഒളിത്താവളം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മാർച്ച് നടത്തിയിരുന്നു.
അതേസമയം, ഇന്ന് സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എബിവിപി. ഉന്നത വിദ്യാഭ്യാസത്തെ ഇടത് സർക്കാർ തകർക്കുന്നുവെന്ന് ആരോപിച്ച് എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.