ബത്തേരി : മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ രാത്രിയിൽ റോഡിൽ തടഞ്ഞുനിർത്തി യുവാവിനെ വലിച്ചിറക്കി ക്രൂരമായി മർദിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും സ്വർണ മോതിരവും മാലയും കവരുകയും ചെയ്ത സംഭവത്തിൽ നാല് പേരെ മൈസൂരിൽ നിന്ന് സാഹസികമായി പിടികൂടി ബത്തേരി പോലീസ് . ബത്തേരി, പള്ളിക്കണ്ടി, പള്ളിക്കളം വീട്ടിൽ പി.കെ. അജ്മൽ(24), തിരുനെല്ലി, ആലക്കൽ വീട്ടിൽ, എ.യു. അശ്വിൻ(23), ബത്തേരി, പള്ളിക്കണ്ടി, ചെരിവ് പുരയിടത്തിൽ വീട്ടിൽ അമൻ റോഷൻ(23), നൂൽപ്പുഴ, കല്ലുമുക്ക്, കൊടുപുര വീട്ടിൽ മുഹമ്മദ് നസീം(26) എന്നിവരെയാണ് ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബൈജു കെ. ജോസിൻ്റെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോളിയാടി സ്വദേശി കെ.എ. നിഖിലിൻ്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പോലീസ് പിടികൂടുന്നത്. പോക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറിയ പരാതിക്കാരൻ്റെ കാർ കാരണം തൊട്ടുമുമ്പിൽ കടന്നു പോയ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ കഴിയാത്തതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. പിടിയിലായ നാല് പേരും വിവിധ കേസുകളിൽ പ്രതികളാണ്. ജനുവരി 30ന് രാത്രി 11 മണിക്കാണ് സംഭവം. കല്ലുവയലിൽ നിന്ന് വന്ന പരാതിക്കാരനും കുടുംബവും സഞ്ചരിച്ച കാർ ബത്തേരി-ചുള്ളിയോട് മെയിൻ റോഡിലേക്ക് പ്രവേശിക്കാൻ തുടങ്ങിയത് മെയിൻ റോഡിലൂടെ വന്ന പ്രതികളുടെ കാറിന് തൊട്ടുമുമ്പിൽ പോയ ബസിനെ മറികടക്കാനായില്ല. ഇതിലുണ്ടായ പ്രതികൾ പരാതിക്കാരനെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് കടന്നുപോയി. തുടർന്ന്, കല്ലുവയൽ വാട്ടർ അതോറിട്ടിക്ക് മുൻവശമുള്ള പബ്ലിക് റോഡിൽ വെച്ച് പരാതിക്കാരൻ്റെ കാർ തടഞ്ഞുനിർത്തി ഇയാളെ വലിച്ചിറക്കി മർദിച്ചു. കൈകൊണ്ടു ഇടിക്കുകയും, ഇടതുകൈ പിടിച്ച് പിന്നിലേക്ക് തിരിക്കുകയും ചെയ്തതിൽ മോതിര വിരലിന് പൊട്ടലേറ്റു. കഴുത്തിന് കുത്തിപിടിച്ച് സ്വർണമാല വലിച്ചുപൊട്ടിച്ച് മാലയുടെ ഒരു കഷ്ണം കവരുകയും, മോതിരം ഊരിയെടുക്കുകയും ചെയ്തു.