കട്ടപ്പന ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നു. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചു. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളില്‍ കുഴിച്ചുമൂടി. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്താന്‍ കാഞ്ചിയാറിലെ വീടിന്റെ തറ പൊളിച്ച് പരിശോധന നടത്തും.
കൊലപാതകത്തില്‍ മകന്‍ വിഷ്ണു, ഭാര്യ സുമ എന്നിവരെ പ്രതി ചേര്‍ത്തു. രാവിലെ എട്ടുമണിയോടെ വിജയന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിക്കും. മൃതദേഹം വീട്ടില്‍ കുഴിച്ചിട്ടെന്ന പ്രതി നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീടിന്റെ തറ പൊളിച്ച് പരിശോധിക്കുന്നത്.
2023ലാണ് വിജയനെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിജയന്‍ പ്രായാധിക്യം മൂലം ജോലിക്ക് ഒന്നും പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
2016ലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തുന്നത്. കുട്ടിയുണ്ടായതിന്റെ നാണക്കേട് മറക്കാനാണ് നവജാതശിശുവിനെ കൊന്നു കുഴിച്ചുമൂടിയത്. കൊല്ലപ്പെട്ട വിജയന്‍ കുഞ്ഞിനെ കാലില്‍ തൂക്കി കുഞ്ഞിനെ നിതീഷിന് നല്‍കിയെന്നും തുടര്‍ന്ന് നിതീഷ് കുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. കൊന്ന ശേഷം അന്നവര്‍ താമസിച്ചിരുന്ന വീടിന്റെ സമീപമുള്ള തൊഴുത്തില്‍ കുഴിച്ചിടുകയും ചെയ്തു. അതേസമയം, മോഷണശ്രമത്തിനിടെ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വിഷ്ണുവിനെ ആശുപത്രി വിട്ട ശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്ന അന്വേഷണസംഘം അറിയിച്ചു.