ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് കേരളത്തിലെത്തും. കുന്നംകുളത്ത് നടക്കുന്ന പരിപാടിയിലാകും പ്രധാനമന്ത്രി പങ്കെടുക്കുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഐഎമ്മിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെയുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.
കരുവന്നൂര്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുടിയിലെ വേദിയിലേക്കും പ്രധാനമന്ത്രി എത്തിയേക്കുമെന്നും സൂചനയുണ്ട്. എറണാകുളത്ത് പ്രധാനമന്ത്രി എത്തുന്നതും ബിജെപി പരിഗണിക്കുന്നുണ്ട്. കുന്നംകുളത്തെ വേദി മാത്രമാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. കുന്നംകുളത്ത് 15-ാം തിയതി രാവിലെ 11 മണിക്ക് ചെറുവത്തൂരിലെ വേദിയിലായിരിക്കും പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുക. ആലത്തൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ സരസുവിന്റെ പ്രചരണാര്‍ത്ഥമാണ് പ്രധാനമന്ത്രിയെത്തുന്നത്. എസ്എഫ്‌ഐയ്‌ക്കെതിരെ നേര്‍ക്കുനേര്‍ നിന്ന് പോരാടിയ ഒരാള്‍ എന്ന നിലയില്‍ ഡോ സരസുവിനോട് ബിജെപി ദേശീയ നേതൃത്വത്തിന് വലിയ താത്പര്യമാണുള്ളത്. ഇത് കൂടി പരിഗണിച്ചാണ് പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിനെത്തുന്നത്.
വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലമായി ബിജെപി പരിഗണിക്കുന്ന മണ്ഡലമാണ് തൃശൂര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പ്രധാന പ്രചാരണ ആയുധമാക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. അതിനാല്‍ മോദി തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തിനെത്താന്‍ സാധ്യത വളരെക്കൂടുതലാണ്. മുന്‍പ് ഗുരുവായൂരില്‍ പ്രധാനമന്ത്രിയെത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നില്ലെന്നും തന്റെ മകളുടെ വിവാഹചടങ്ങിനായിരുന്നെന്നും സുരേഷ് ഗോപി മുന്‍പ് വ്യക്തമാക്കിയിരുന്നു.