തിരുവനന്തപുരം: സ്റ്റോപ്പിൽ യാത്രക്കാർ ആവശ്യപ്പെട്ടിടും കെഎസ്‌ആർടിസി ബസ് നിർത്തിയില്ലെങ്കിൽ ജീവനക്കാരിൽനിന്ന് 500 രൂപ പിഴ ഈടാക്കും. യാത്രക്കാരോട് അപമര്യാദയായി പെരുമാറിയാലും 500 രൂപ പിഴയിടും. സർവീസുകൾ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാർക്ക് പരമാവധി സൗകര്യം ചെയ്‌ത് കൊടുക്കുന്നതിനുമായി നിരവധി നിർദേശങ്ങൾ കഴിഞ്ഞദിവസം കെഎസ്‌ആർടിസി സിഎംഡി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് വീഴ്‌ച വരുത്തുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാനുമുള്ള നിർദേശം.
♦️അപകടകരമായി വാഹനമോടിച്ച് യാത്രക്കാർക്കും മറ്റുവാഹനങ്ങളിൽ ഉള്ളവർക്കും ഭയം ഉണ്ടാക്കുന്നതിന് ഇടയാക്കുക, റിസർവേഷൻ യാത്രക്കാർക്ക് കൃത്യമായ വിവരം നൽകാതിരിക്കുക, സർവീസ് റോഡിൽ ബസ് സ്‌റ്റോപ്പിൽ നിർത്താതിരിക്കുക തുടങ്ങിയവയ്‌ക്കും 500 രൂപ വീതം ഈടാക്കാനും അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് വിജിലൻസ് വിഭാഗം യൂണിറ്റ് അധികൃതർക്ക് നൽകിയ സർക്കുലറിൽ പറയുന്നു.
♦️സ്‌റ്റോപ്പിൽ കൈകാണിച്ചിട്ടും ബസ് നിർത്താതിരിക്കുക, ഡ്യൂട്ടിക്കിടയിൽ ജീവനക്കാർ ഉറങ്ങുക , ഹൈവേകളിൽ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഫ്‌ളൈ ഓവറിലൂടെ സർവീസ് നടത്തുക, സർവീസ് റോഡിൽ കൂടിയല്ലാതെയുള്ള യാത്ര എന്നിവയ്‌ക്കും ബസ് ജീവനക്കാർക്ക് ആയിരംരൂപ പിഴ ഈടാക്കും.
*ജീവനക്കാർ വീഴ്‌ചയും കുറ്റകൃത്യവും തുടരുകയാണെങ്കിൽ പിഴത്തുക ഇരട്ടിയാക്കാനും സർക്കുലറിൽ വ്യക്തമാക്കുന്നു. ആവർത്തിച്ചുള്ള വീഴ്‌ച ചീഫ് ഓഫീസിൽ അറിയിക്കാനും സിഎംഡി പ്രമോജ് ശങ്കർ നിർദേശിച്ചിട്ടുണ്ട്. ജീവനക്കാരെ കുറിച്ചുള്ള പരാതികൾ കെഎസ്‌ആർടിസി യൂണിറ്റുകളിലോ, ചീഫ്‌ഓഫീസിലോ യാത്രക്കാർക്ക് അറിയിക്കാം.