കോഴിക്കോട് ഐഐഎമ്മിൽ നിന്ന് പഠനം പൂർത്തിയാക്കി ഒരു പ്രമുഖ സ്ഥാപനത്തിൽ ബിസിനസ് അനലിസ്റ്റായി ജോലിയിൽ പ്രവേശിച്ച ക്ലെൻസ് പോൾ ഫിലിപ്പ് ഈ ‘പുനർജന്മത്തിൽ’ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സ്വന്തം അമ്മയോടു തന്നെയാണ്. ജീവൻ പകുത്തുനൽകി ജന്മം നൽകിയതിനോ വളർത്തിയതിനോ മാത്രമല്ല അത്. 11 വർഷം മുൻപ് ക്ലെൻസിന് സ്വബോധത്തോടെ വൃക്ക നൽകുകയായിരുന്നു സിനിമോൾ എന്ന അമ്മ.
ജന്മനാ ഒരു വൃക്കമാത്രമായിരുന്നു ക്ലന്‍സിന്. പതിനൊന്നാം വയസ്സിൽ ആ വൃക്കയ്ക്കും തകരാറു സംഭവിച്ചപ്പോൾ അതുവരെ ഉത്സാഹിയായിരുന്ന ആ കൗമാരക്കാന്‍ ക്ഷീണിതനായി. ഒടുവിൽ തന്റെ വൃക്ക മകനു നൽകാൻ അമ്മ തീരുമാനിച്ചു. അങ്ങനെ ശസ്ത്രക്രിയ സമയം അടുത്തപ്പോഴാണ് മരുന്നിന്റെ അലർജി പ്രശ്നമുള്ളതിനാൽ സിനിമോൾക്ക് അനസ്തീസിയ നൽകാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പിന്നെ ഡയാലിസിസും ഡോണറെ തേടിയുള്ള ഓട്ടവും.എന്നാൽ ഡോണറെ കിട്ടാതായതോടെ പ്രതീക്ഷ നഷ്ടമായ ക്ലെൻസ് മാതാപിതാക്കളോട് ചെറുപുഞ്ചിരിയോടെ ചോദിച്ചു. ‘എന്റെ കാര്യത്തിൽ തീരുമാനമായി അല്ലേ?’ അവന്റെ ചോദ്യം ചെന്നു പതിച്ചത് അമ്മയുടെ നെഞ്ചിലാണ്.
രക്തബന്ധത്തിലുള്ള മറ്റാരുടെയും വൃക്ക ക്ലെൻസിന് യോജിച്ചില്ല. എല്ലാ പ്രതീക്ഷകളും നഷ്ടമായെന്നു കരുതിയ നിമിഷത്തിലാണ് ബോധം കെടുത്താതെയുള്ള എപിഡ്യുറൽ അനസ്തീസിയ (സുഷുമ്നയെ പൊതിഞ്ഞുള്ള സ്തരത്തിലേക്ക് മരുന്നു നൽകിയുള്ള അനസ്തീസിയ)നൽകി വൃക്ക എടുക്കാമെന്ന ആശയം ഡോക്ടർ ഫെലിക്സ് മുന്നോട്ടുവച്ചത്. ബോധം കെടുത്താതെയുള്ള അനസ്തീസിയയുടെ ഭവിഷ്യത്തുകൾ ഡോക്ടർമാരുടെ സംഘം തന്നെ സിനിമോൾക്കു വിവരിച്ചു കൊടുത്തു. എന്നാൽ മകനുവേണ്ടി എന്തു ചെയ്യാനും തയാറായ സിനിമോൾക്ക് സ്വന്തം ജീവനക്കേൾ വലുത് മകന്റെ ജീവനായിരുന്നു.
2013 ഏപ്രിൽ 16നായിരുന്നു സർജറി. ആ സമയത്തെ കുറിച്ച് ക്ലെൻസിന്റെ അമ്മ സിനി മോൾ ഓർക്കുന്നത് ഇങ്ങനെ: ‘‘സർജറിക്ക് രണ്ടു ദിവസം മുൻപായിരുന്നു അനസ്തീസിയ മരുന്നിന് എനിക്ക് അലർജിയുണ്ടെന്ന് അറിഞ്ഞത്. എനിക്ക് സിസേറിയനൊക്കെ ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് ഇങ്ങനെ ചെയ്യാൻ സാധിക്കുമോ എന്ന് ഞാൻ തന്നെയായിരുന്നു ഡോക്ടർമാരോട് ചോദിച്ചത്. രോഗിയല്ലാത്തതിനാൽ അവർക്കും പേടിയുണ്ടായിരുന്നു. ഒടുവിൽ ഡോക്ടർമാരുടെ യോഗം ചേർന്ന് അവർ ചെയ്തു നോക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.’’
എപിഡ്യുറൽ നൽകിക്കൊണ്ടിരിക്കുന്നതിനാൽ ആ ഭാഗം മാത്രം മരവിച്ച അവസ്ഥ. സർജറി ഉപകരണങ്ങൾ ഉപയോഗിക്കുന്നതെല്ലാം അറിയാൻ സാധിച്ചിരുന്നതായും സിനിമോള്‍ പറഞ്ഞു. ‘‘മരവിപ്പ് മാറുന്നതിനു മുൻപ് വേഗത്തിൽ സർജറി ചെയ്യണം എന്ന് അവർ പറയുന്നത് എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ഒരു സംഘം ഡോക്ടർമാർ തന്നെയുണ്ടായിരുന്നു. എനിക്ക് എന്റെ മകനായിരുന്നു വലുത്. എല്ലാ ഡോക്ടർമാരോടും ചർച്ച ചെയ്താണ് അവർ ചെയ്തത്. പതിനൊന്നു വർഷമായി നിലവിൽ യാതൊരു ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല.’’ – ക്ലെൻസിന്റെ അമ്മ സിനിമോൾ വ്യക്തമാക്കി.
ഇന്ന് ഇപ്പോൾ താനും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നതിൽ ഒരുപാട് പേരോട് നന്ദിപറയാനുണ്ടെന്നും ക്ലൻസ് പറഞ്ഞു. ‘‘പത്താംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സർജറി. ആ കൊല്ലം പരീക്ഷ എഴുതിയില്ല. അടുത്ത വർഷമാണ് പരീക്ഷ എഴുതിയത്. ചില സമയങ്ങളിൽ ബുദ്ധിമുട്ടും ക്ഷീണവും എല്ലാം അനുഭവപ്പെടും. ആ സമയത്ത് പലരും സഹായവുമായി എത്തിയിട്ടുണ്ട്. ഐഐഎമ്മിലെ പഠനകാലം എനിക്ക് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സർജറി കഴിഞ്ഞതിനാൽ തന്നെ ധാരാളം വെള്ളം കുടിക്കണം. അവിടെ ക്ലീനിങ്ങും മറ്റും ചെയ്യുന്ന ചേച്ചിമാരെല്ലാം അക്കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ലീറ്റർ വെള്ളം വച്ച് അവരെല്ലാം ദിവസവും എനിക്കു കൊണ്ടു തന്നിരുന്നു. അവരോടെല്ലാം ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട്. എല്ലാവരും കളിച്ചു നടക്കുന്ന പ്രായത്തിൽ അസുഖം കാരണം നിയന്ത്രണത്തിലായിരുന്നു എന്റെ ജീവിതം. അന്ന് വിഷമം തോന്നിയിരുന്നു. പക്ഷേ ഇന്ന് ഇപ്പോൾ ഇവിടെ എത്തി നിൽക്കുമ്പോൾ വലിയ സന്തോഷം.’’– ക്ലെൻസ് പറയുന്നു.