സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ഇ-പോസ് മെഷീന്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. റേഷന്‍കട വ്യാപാരികളുടെ സമരം ഒഴിവാക്കാന്‍ ജൂലൈ നാലിന് സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.
രാവിലെ പത്തു മുതലാണ് ഇ-പോസ് മെഷീന്‍ തകരാറിലായത്. തുടര്‍ന്ന് സംസ്ഥാനത്തെ മിക്കയിടങ്ങളിലും റേഷന്‍ വിതരണം മുടങ്ങി. മെഷീനില്‍ വിരല്‍ പതിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആധാര്‍ ഓതന്റിഫിക്കേഷനുള്ള ബയോമെട്രിക് സംവിധാനം പരാജയപ്പെടുകയായിരുന്നു. സെര്‍വര്‍ തകരാറാണ് കാരണമായി ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ വൈകുന്നേരവും സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഐ.ടി സെല്ലിനോട് ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിച്ചു. കൂടുതലാളുകള്‍ ഒരുമിച്ച് റേഷന്‍ വാങ്ങാനായി എത്തുന്നതാണ് പ്രശ്‌നത്തിനിടയാക്കുന്നതെന്നാണ് ഐ.ടി സെല്ലിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതിനിടെ വേതന വര്‍ധന ആവശ്യപ്പെട്ട സമരം പ്രഖ്യാപിച്ച റേഷന്‍ കട വ്യാപാരികളുമായി ജൂലൈ നാലിന് ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി.
സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം പ്രതിസന്ധിയിലായതോടെ ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസത്തേക്ക് കൂടി നീട്ടി. ജൂലൈ അഞ്ചുവരെയാണ് നീട്ടിയിട്ടുള്ളത്. ജൂലൈ മാസത്തെ വിതരണം എട്ടു മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.