ന്യൂഡല്‍ഹി: ട്രക്ക് ഡ്രൈവർമാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ട്രക്കുകളില്‍ എ സി കാബിനുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 2025 ജനുവരി മുതല്‍ ഇതു നടപ്പാക്കും. ദീര്‍ഘദൂരയാത്രകളില്‍ കാബിനിലെ ചൂടും ദുരിതവും കാരണം പ്രയാസപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് ഏറെ സഹായകരമായ തീരുമാനമാണിത്.
റോഡ്‌സുരക്ഷ ഉറപ്പാക്കുന്നതില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അവരുടെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാക്കാനുള്ള സുപ്രധാന തീരുമാനമാണിതെന്നും ഗഡ്കരി പറഞ്ഞു. ട്രക്കുകളില്‍ എ സി കാബിനുകള്‍ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞമാസം മന്ത്രി പറഞ്ഞിരുന്നു.
പുതിയ വ്യവസ്ഥ വരുന്നതോടെ എ സി കാബിനോടെ വേണം വാഹനനിര്‍മാതാക്കള്‍ ട്രക്കുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനെന്നാണ് വിവരം. നിലവില്‍ ലോറിയുടെ ബോഡി നിര്‍മാതാക്കളാണ് കാബിനുകളും നിര്‍മിക്കുന്നത്.
രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നടപ്പാക്കുന്നതെന്നാണ് വിശദീകരണം. കാലാവസ്ഥ വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തിരുമാനം. ഡ്രൈവര്‍മാരുടെ ആരോഗ്യത്തിന് പോലും ഈ തീരുമാനം വലിയ മുതല്‍കൂട്ടാവുമെന്നാണ് കണക്കാക്കുന്നത്.