ധാക്ക:ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് അല്‍പസമയത്തിനകം ധാക്കയില്‍ തുടക്കമാവും. ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം മിന്നു മണി അരങ്ങേറ്റം കുറിക്കുന്നതാണ് മത്സരത്തിലെ ശ്രദ്ധേയം. അനുഷ ബരെഡ്ഡിയാണ് പ്ലേയിംഗ് ഇലവനിലുള്ള മറ്റൊരു പുതുമുഖം.
ഓള്‍റൗണ്ടറാണ് വയനാട് സ്വദേശിനിയായ മിന്നു മണി. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമായിരുന്നു. 30 ലക്ഷത്തിനാണ് മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചത്. ഇന്ത്യന്‍ എ ടീമിന്‍റെ നീലക്കുപ്പായത്തിലും മിന്നു ഇടം പിടിച്ചിരുന്നു. ഇടംകൈയന്‍ ബാറ്ററും സ്‌പിന്നറുമായ മിന്നുവിന് സീസണില്‍ ഡല്‍ഹിയുടെ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറാന്‍ അവസരം കിട്ടി. ബംഗ്ലാദേശ് പര്യടനത്തിലെ ട്വന്‍റി 20 ടീമില്‍ മാത്രമാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ മിന്നു മികവ് കാട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് ധാക്കയിലാണ് കളി തുടങ്ങുക. ഏഷ്യൻ ഗെയിംസിന് ഒരുങ്ങാനുള്ള ഇന്ത്യൻ വനിതാ ടീമിന്‍റെ പരമ്പരയാണിത്. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ഇരു ടീമും പതിമൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനൊന്ന് തവണയും ഇന്ത്യക്കായിരുന്നു ജയം. രണ്ട് കളിയിൽ ബംഗ്ലാ വനിതകൾ ജയിച്ചു.