അടിക്കുമോ വാടാ.. വാ അടിക്ക്…’; യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ എസ്എഫ്ഐക്കാരുടെ വിചാരണ

0
302

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ വിദ്യാർഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന വിഡിയോ പുറത്ത്. മൂന്നാംവർഷ ബിരുദ വിദ്യാർഥികളായ രണ്ടുപേരെ യൂണിറ്റ് ഓഫിസിൽ ഇരുത്തി ഭീഷണിപ്പെടുത്തുന്നതാണു ദൃശ്യത്തിൽ. പത്തോളം വരുന്ന എസ്എഫ്ഐക്കാർ വളഞ്ഞു നിൽക്കുമ്പോൾ, യൂണിറ്റ് ഭാരവാഹി തല്ലിത്തീർക്കാൻ വെല്ലുവിളിക്കുന്നതും വിഡിയോയിൽ കാണാം.

 

എതിരാളികളെ കൈകാര്യം ചെയ്യാനാണ് എസ്എഫ്ഐ വീണ്ടും ഇടിമുറി തുറന്നത്. കോളജിലെ ഓഫിസിനു സമീപത്താണു യൂണിയൻ ഓഫിസ് എന്നു വിശേഷിപ്പിക്കുന്ന ഇടിമുറി. എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫിസും ഇവിടെയാണ്. വിചാരണയ്ക്കും മർദനത്തിനും എസ്എഫ്ഐ താവളമാക്കുകയാണ് ഇവിടം. കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ വിദ്യാർഥി മുഹമ്മദ് അനസിനെ ഇവിടെ ബന്ദിയാക്കിയാണ് എസ്എഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ചത്. മുൻപ് ക്യാംപസിന്റെ ഒത്തനടുക്കായിരുന്നു യൂണിറ്റ് ഓഫിസ് ആയി പ്രവർത്തിച്ചിരുന്ന ഇടിമുറി.

 

എസ്എഫ്ഐ നേതാക്കൾ പ്രതിയായ കത്തിക്കുത്തു കേസിന്റെ പശ്ചാത്തലത്തിൽ കോളജിൽ പൊലീസ് പരിശോധന നടത്തുകയും ഇടിമുറിയിൽനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അന്ന് ഇടിമുറി ഒഴിപ്പിച്ച് ക്ലാസ്മുറിയാക്കി. ഇപ്പോൾ വീണ്ടും അനധികൃതമായി യൂണിയൻ ഓഫിസ് ആരംഭിച്ചു സമാന്തര അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണ് എസ്എഫ്ഐ. എതിർക്കുന്നവരെ ഈ മുറിയിലിട്ടു മർദിക്കുന്ന പതിവുണ്ടെന്ന വിദ്യാർഥികളുടെ പരാതി ശരിവയ്ക്കുന്നതാണ് അനസിനും അഫ്സലിനും നേരിട്ട അനുഭവം.

 

കോളജിലേക്കു ചെല്ലാനുള്ള ഭയം മൂലം പ്രിൻസിപ്പലിനു പരാതി ഇ മെയിലായി നൽകിയെങ്കിലും ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല. ക്യാംപസിലെ എസ്എഫ്ഐ നേതൃത്വത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ സ്വന്തം സംഘടനയിൽപെട്ടവർക്കു പോലും രക്ഷയില്ലെന്നു തെളിയിക്കുന്നതാണു കോളജിലെ എസ്എഫ്ഐ ഡിപ്പാർട്മെന്റ് കമ്മിറ്റി അംഗവും, നാട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകനുമായ അനസ് നേരിട്ട ആക്രമണം. കൊടി കെട്ടാൻ മരത്തിൽ കയറാനും ഇറങ്ങാനുമുള്ള നേതാക്കളുടെ കൽപന കാലിനു സ്വാധീനമില്ലാത്തതിനാൽ അനുസരിക്കാഞ്ഞതിന്റെ പ്രതികാരമായി കോളജിലെ ഇടിമുറിയിലായിരുന്നു മർദനം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here