വൈദ്യുതി നിരക്ക് വർധിപ്പിച്ച റെഗുലേറ്ററി കമ്മിഷൻ തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ ഉയർത്തിയേക്കും. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നാണ് കെ.എസ്. ഇ. ബി ആവശ്യപ്പെട്ടിട്ടുള്ളത്.
വിവിധ മേഖലകളിൽ സിറ്റിംഗ് നടത്തി പൊതുജന അഭിപ്രായങ്ങൾ കൂടി കേട്ട ശേഷമാണ് നിരക്ക് വർദ്ധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചത്. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ ഉയർത്താനാണ് ധാരണ. വേനൽക്കാലത്ത് അധിക താരിഫ് ഈടാക്കണമെന്ന പുതിയ നിർദ്ദേശവും കെ.എസ് ഇ.ബി മുന്നോട്ടുവച്ചിട്ടുണ്ട്.
വേനൽ കാലമായ ജനുവരി മുതൽ മെയ് വരെ നിലവിലെ താരീഫിന് പുറമെ 10 പൈസ കൂടി യൂണിറ്റിന് അധികമായി വാങ്ങണം എന്നാണ് കെ.എസ്. ഇ. ബി ആവശ്യം. ഇതിലും തീരുമാനം ഉണ്ടാകും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.നിരക്ക് വർധനവിന് മുഖ്യമന്ത്രി തത്വത്തിൽ അനുമതി നൽകിയതായാണ് സൂചന. ഇന്ന് തന്നെ ഇത് സംബന്ധിച്ച റെഗുലേറ്ററി കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും. നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് ഈടാക്കും. പ്രതിവർഷം രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുന്നുവെന്നാണ് കെ.എസ്. ഇ. ബി വാദം.