ബംഗളൂരു > വർഷത്തിൽ 12 ദിവസം ആർത്തവ അവധി നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സംസ്ഥാന ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) കർണാടക ലേബർ കമ്മീഷണർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.
ആർത്തവസമയത്ത് ക്ഷീണം, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ നേരിടുന്നതിനാൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് സ്‌ത്രീകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഈ നയം നിർണായകമാണെന്ന് കെഐടിയു കർണാടക സർക്കാരിനോട് പറഞ്ഞു. ആർത്തവ അവധി നടപ്പാക്കുന്നത് നീതിയും ലിംഗസമത്വവും ഉറപ്പാക്കും. ആർത്തവത്തെക്കുറിച്ചുള്ള പൊതുധാരണകൾ മാറ്റാൻ ഇതോടെ കഴിയും. ജീവനക്കാരുടെ ക്ഷേമവും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്ന ഇത്തരം നയങ്ങൾ പല രാജ്യങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം, ഉൽപ്പാദനക്ഷമത, ക്ഷേമം എന്നിവക്ക് ഊന്നൽ നൽകി കർണാടക സർക്കാർ ഈ വിഷയത്തിൽ പുരോഗമനപരമായ തീരുമാനം കൈക്കൊള്ളണമെന്നും കെഐടിയു പറഞ്ഞു.