‘അയൽവാസിയെ ഇഷ്ടം, വീട്ടുകാർ ഉറപ്പിച്ചത് മറ്റൊരു വിവാഹം’: ഷൈമ മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് സുഹൃത്ത്

0
676

മ‍ഞ്ചേരി ∙ കാരക്കുന്നിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിക്കാഹിനു പെണ്‍കുട്ടിക്കു സമ്മതക്കുറവുണ്ടായിരുന്നെന്നു പൊലീസ്. ആമയൂർ റോഡ് പുതിയത്ത് വീട്ടിൽ പരേതനായ ഷർഷ സിനിവറിന്റെ (ഇബ്നു) മകൾ ഷൈമ സിനിവറിനെ (18) ആണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈമ അയല്‍വാസിയുമായി ഇഷ്ടത്തിലായിരുന്നു എന്നാണു വിവരം.

പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ കാരക്കുന്നിലെ വീട്ടിലായിരുന്നു ഷൈമയുടെ താമസം. വീടിന്റെ ടെറസിലുള്ള കമ്പിയിൽ ‍കഴുത്തിൽ ഷാൾ ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു. വെള്ളിയാഴ്ച ആയിരുന്നു ഷൈമയുടെ നിക്കാഹ്. നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വീടിനു സമീപത്തുള്ള 19 വയസ്സുകാരനായ യുവാവുമായി ഇഷ്ടത്തിലായിരുന്നു ഷൈമ. ഇയാളെ വിവാഹം കഴിക്കാനായിരുന്നു താൽപര്യം.

 

എന്നാൽ മറ്റൊരാളുമായുള്ള വിവാഹമാണ് വീട്ടുകാര്‍ ഉറപ്പിച്ചത്. ഷൈമ ജീവനൊടുക്കിയ വിവരമറിഞ്ഞ അയൽവാസിയായ 19കാരൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണു വിവരം. ഷൈമയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് കാരക്കുന്ന് വലിയ ജുമാമസ്ജിദിൽ കബറടക്കും. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ.

 

LEAVE A REPLY

Please enter your comment!
Please enter your name here