കോട്ടയത്ത് ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിൽ പ്രതികളായ 5 വിദ്യാർഥികളുടെ തുടർപഠനം തടയും. നഴ്സിങ് കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കും. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു കൗൺസിലിലെ ഭൂരിപക്ഷ അഭിപ്രായം.
അതേസമയം, നഴ്സിങ് കോളജില്‍ ജൂനിയര്‍ വിദ്യാർഥികൾക്കെതിരെ ക്രൂരമായ റാഗിങ് നടക്കുമ്പോള്‍ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. വിദ്യാർഥികളില്‍ ഒരാള്‍ വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടില്ലെന്നാണ് സൂചന. എന്നാല്‍ റാഗിങ് നടന്നത് അറിഞ്ഞില്ലെന്നും കുട്ടികള്‍ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി നല്‍കിയത്. ഇതില്‍ പൊലീസിനു സംശയമുണ്ട്.
റാഗിങ് നടന്ന മുറിയിൽനിന്നും കത്തിയും കോമ്പസും ഡംബലും കരിങ്കൽ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. റാഗിങ്ങിനെതിരെ 4 വിദ്യാർഥികൾ കൂടി കോളജിന്റെ ആന്റി റാഗിങ് സെല്ലിൽ പരാതി നൽകി. ഇതിൽ ഒരാൾ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. സീനിയർ വിദ്യാർഥികൾ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരി 10നു രാത്രി 11നു ശേഷമായിരുന്നു പീഡനം. റാഗിങ്ങിന് വിധേയനായ ലിബിൻ നൽകിയ പരാതിയിൽ അറസ്റ്റിലായ കേരള ഗവ.സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി കെ.പി.രാഹുൽ രാജ്, സാമുവൽ ജോൺസൺ, എൻ.എസ്.ജീവ, സി.റിജിൽ ജിത്ത്, എൻ.വി.വിവേക് എന്നിവരാണ് നേതൃത്വം നൽകിയത്. സീനിയേഴ്സ് ആവശ്യപ്പെട്ട പണം നൽകാത്തതിനെത്തുടർന്ന് അജിത്ത്, ദിലീപ്, ആദർശ്, അരുൺ എന്നിവരാണ് റാഗ് ചെയ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നില്ല.