ഋതു ലഹരിക്ക് അടിമ, മാനസിക പ്രശ്നങ്ങളില്ല; കൊലപാതകത്തിനു പിന്നിൽ മുൻവൈരാഗ്യം: കുറ്റപത്രം സമർപ്പിച്ചു

0
331

കൊച്ചി ∙ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കൂട്ടക്കൊല ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വടക്കന്‍ പറവൂർ മജിസ്ട്രേട്ട് കോടതിയിലാണ് 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. മുൻവൈരാഗ്യം തീർക്കാൻ പ്രതി ഋതു ജയൻ (27) മനഃപൂർവം നടത്തിയ കൊലപാതകം എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കൊലപാതകം നടന്ന് ഒരു മാസത്തിനകമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 112 സാക്ഷിമൊഴികളും 52 അനുബന്ധ തെളിവുകളും അടക്കമാണ് കുറ്റപത്രം. പ്രതി ലഹരിക്കടിമയാണെന്നും എന്നാൽ മാനസിക പ്രശ്നങ്ങളില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ജനുവരി 16നായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. ഋതു ജയൻ അയൽവീട്ടിൽ അതിക്രമിച്ച് കയറി കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ഇപ്പോഴും ചികിത്സയിലാണ്. ഇവരുടെ രണ്ടു പെൺമക്കളുടെ കൺമുന്നിലായിരുന്നു കൊലപാതകം. ഋതുവിന്റെയും വേണുവിന്റെയും വീടുകൾ ഒരു റോഡിന്റെ ഇരുവശങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഈ രണ്ടു കുടുംബങ്ങളും തമ്മിൽ ഏറെ കാലമായി വിവിധ വിഷയങ്ങളെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനൊടുവിലാണ് ഋതു അയൽവീട്ടിലേക്ക് കയറിച്ചെന്ന് കുടുംബാംഗങ്ങളെ ആക്രമിച്ചത്.

 

അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഋതുവിനെതിരെ മറ്റ് അയൽക്കാരും പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ കേസുകളിൽ പൊലീസ് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. നിരന്തരം അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന പ്രതി മുൻപ് അറസ്റ്റിലാവുകയം കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. ഇയാളെ പേടിച്ച് പലപ്പോഴും നാട്ടുകാർ പരാതി പറയുന്നതു പോലും ഒഴിവാക്കിയിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഋതുവിനെ അന്വേഷിച്ച് കഴിഞ്ഞ നവംബറിലും ഡിസംബറിലും പൊലീസ് വീട്ടിൽ എത്തിയിരുന്നു.

 

കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബെംഗളുരുവിലായിരുന്ന ഋതു തിരിച്ച് നാട്ടിലെത്തിയത്. ഹോട്ടൽ ജോലിക്കാണ് പോയതെന്നും അതല്ല, നിർമാണ മേഖലയിലാണ് ജോലി എടുത്തിരുന്നതെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ഏതെങ്കിലും പരാതിയിൽ പൊലീസ് വിളിപ്പിച്ചാലും മാനസിക പ്രശ്നങ്ങളാണ് കാരണമെന്നും ചികിത്സ നൽകാമെന്നും ഉറപ്പു നൽകി ബന്ധുക്കളെത്തി മോചിപ്പിച്ചിരുന്നു എന്നും പറയുന്നു.

 

കൊലപാതകത്തിനു ശേഷം ജിതിന്റെ സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് പ്രതി പിടിയിലാകുന്നത്. സമീപത്തെ കടയിൽനിന്നു സിഗരറ്റ് വാങ്ങി സ്കൂട്ടറിലിരുന്ന് ഹെൽമറ്റില്ലാതെ പോകാന്‍ ശ്രമിക്കുന്നതു കണ്ട പൊലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോഴാണ് താൻ നാലു പേരെ കൊലപ്പെടുത്തിയെന്ന് ഋതു പറയുന്നത്. സാധാരണ കാര്യം പറയുന്നതു പോലെയായിരുന്നു ഇയാൾ ഇക്കാര്യങ്ങൾ പറഞ്ഞത്. കൊല്ലപ്പെട്ട കുടുംബത്തോട് തനിക്കുണ്ടായിരുന്ന പകയും ഇയാൾ വെളിപ്പെടുത്തി. തന്നെയും വീട്ടുകാരെയും കളിയാക്കിയതെന്നും അതിനു പകരം കൊടുത്തിട്ടുണ്ട് എന്നുമുള്ള രീതിയിലായിരുന്നു ഇയാളുടെ പ്രതികരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here