യുവാവിന്റെ മരണത്തിൽ ഭാര്യയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം

0
761

ആലപ്പുഴ ∙ പുന്നപ്രയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഭാര്യയെയും ആൺസുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേട്ട് കോടതിയുടേതാണ് നിർദേശം. ആത്മഹത്യ ചെയ്ത റംഷാദിന്റെ പിതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. മകന്റെ ആത്മഹത്യയിൽ മരുമകളെയും ആൺസുഹൃത്തിനെയും മരുമകളുടെ അമ്മയെയും പ്രതിയാക്കി ആത്മഹത്യ പ്രേരണാകുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് റംഷാദിന്റെ പിതാവ് കോടതിയെ സമീപിച്ചത്.

 

കഴിഞ്ഞ ഒക്ടോബർ 13നാണ് പുന്നപ്ര ഷജീന മൻസിലിൽ റംഷാദിനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മനോജ് എന്ന യുവാവുമായി ഭാര്യ സമീനയുടെ സൗഹൃദം ചോദ്യം ചെയ്ത് ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് റംഷാദിന്റെ പിതാവ് മുഹമ്മദ് രാജ ആരോപിക്കുന്നത്. മാനസിക പീഡനങ്ങളിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

2020ലാണ് മണ്ണഞ്ചേരി പൊന്നാട് സ്വദേശി സമീനയും റംഷാദും വിവാഹിതരായത്. സമീനയുടെ ആൺസുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. കോടതി ഉത്തരവ് പ്രകാരം കേസെടുത്ത് തുടർനടപടികളിലേക്ക് കടക്കുമെന്ന് പുന്നപ്ര പൊലീസ് അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here