പുതിയ ഫാസ്ടാഗ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ദേശീയപാതകളിൽ വാഹനങ്ങളിലെ ടോൾ ഇടപാടുകൾ കാര്യക്ഷമമാക്കാനും തെറ്റായ പ്രവണതകൾ തടയാനും ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും ബാധിക്കും. പുതിയ നിയമം നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്.
ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. ബാലന്‍സ് ഇല്ലാതിരിക്കുക, കെ വൈ സി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്‍റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം. നിയമം ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്ന് സാധാരണ ടോള്‍ നിരക്കിന്റെ ഇരട്ടിയെന്ന നിലയിലാകും പിഴ ഈടാക്കുക.
തടസ്സമില്ലാത്ത ഇടപാടുകൾ ഉറപ്പാക്കാനും പിഴകൾ ഒഴിവാക്കാനുമായി ഫാസ്ടാഗ് ഉപയോക്താക്കൾ ടോൾ പ്ലാസകളിൽ എത്തുന്നതിന് മുമ്പ് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് നിലനിർത്തണം. ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുന്നത് തടയാൻ KYC വിശദാംശങ്ങൾ പതിവായി അപ്‌ഡേറ്റ് ചെയ്യണം. ദീർഘദൂര യാത്രകൾക്ക് മുമ്പ് ഫാസ്ടാഗിന്‍റെ തൽസ്ഥിതി പരിശോധിക്കുകയും വേണം. നാഷനൽ പേയ്മെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ (https://www.npci.org.in/) ഫാസ്ടാഗിന്‍റെ തൽസ്ഥിതി അറിയാൻ സാധിക്കും.
അതേസമയം പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നുള്ള വാർത്ത പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ ഈടാക്കും എന്നതാണ്. 5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാത്രമാകും ഇനി മുതൽ സൗജന്യമെന്നാണ് പുതിയ തീരുമാനം. 6 സമീപ പഞ്ചായത്തിലുള്ളവർക്ക് 340 രൂപക്ക് പ്രതിമാസ പാസ് അനുവദിക്കും. പാസ് എടുക്കാൻ ഈ മാസം അവസാനം വരെ സമയം നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.