തിരുവനന്തപുരം∙ ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ ആക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. മന്ത്രിസഭ നിയമന ശുപാര്‍ശ നല്‍കിയ ഷിനു ചൊവ്വ ഇന്നു രാവിലെ നടന്ന കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ ഷിനുവിനു യോഗ്യത നേടാന്‍ കഴിഞ്ഞില്ല. മന്ത്രിസഭ നിയമന ശുപാര്‍ശ നല്‍കിയ മറ്റൊരു ബോഡിബില്‍ഡിങ് താരമായ ചിത്തരേഷ് നടേശന്‍ കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുത്തില്ല.
രാജ്യാന്തര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പുകളില്‍ വിജയം നേടിയ കണ്ണൂര്‍ സ്വദേശി ഷിനു ചൊവ്വയെയും കൊച്ചി സ്വദേശി ചിത്തരേഷ് നടേശനെയും ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരാക്കാനുള്ള മന്ത്രിസഭാ തീരുമാനമാണ് വിവാദത്തിലായത്. ഫുട്‌ബോള്‍ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും ഉള്‍പ്പെടെ അംഗീകൃത കായിക ഇനങ്ങളിലെ രാജ്യാന്തര താരങ്ങളടക്കം സ്‌പോര്‍ട്‌സ് ക്വോട്ട വഴിയുള്ള സര്‍ക്കാര്‍ ജോലിക്കായി വര്‍ഷങ്ങളായി കാത്തിരിക്കുമ്പോഴാണ് ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനത്തിനുള്ള നീക്കമെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിങ് പരിഗണിക്കാറില്ലെങ്കിലും രാജ്യാന്തര നേട്ടങ്ങൾ പരിഗണിച്ചു പ്രത്യേക കേസായി പരിഗണിക്കാമെന്ന ന്യായത്തോടെയായിരുന്നു മന്ത്രിസഭാ തീരുമാനം. ഇവരെ നിയമിക്കാന്‍ വ്യവസ്ഥയില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് ആദ്യം നിലപാടെടുത്തത്. എന്നാല്‍ മന്ത്രിസഭ നിര്‍ദേശിച്ചതോടെ പ്രത്യേക കേസായി പരിഗണിച്ചു നിലവിലെ ചട്ടങ്ങളില്‍ ഇളവു വരുത്തി ആഭ്യന്തര സെക്രട്ടറി നിയമന ഉത്തരവ് പുറത്തിറക്കുകയായിരുന്നു.