നൗഷാദ് മരിച്ചുവെന്ന് പറഞ്ഞതെന്തിന്; ഉത്തരം കണ്ടെത്തി പൊലീസ്

0
179

നൗഷാദ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷം മുൻപ് കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. അവശനിലയിൽ ആയ നൗഷാദിനെ ഉപേക്ഷിച്ച് ഇവർ പരുത്തിപ്പാറയിലെ വാടകവീട്ടിൽ നിന്ന് പോവുകയായിരുന്നു. നൗഷാദ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന് പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന പൊലീസിന് മൊഴി നൽകി. എന്നാൽ അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ രണ്ട് വർഷമായി തൊടുപുഴയിലെ തൊമ്മൻകുത്തിലെ ഒരു വീട്ടിൽ കൃഷിപ്പണിക്ക് നിൽക്കുകയായിരുന്നു നൗഷാദ്. ഭാര്യയുമായി നൗഷാദിന് കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. മദ്യപിച്ചെത്തിയിരുന്നു എന്നതിന്റെ പേരിൽ വീട്ടിൽ പ്രശ്‌നങ്ങളുണ്ടാവുകയും ഭാര്യ കൂട്ടിക്കൊണ്ടുവന്ന കുറേ ആളുകൾ ചേർന്ന് നൗഷാദിനെ മർദിക്കുകയും ചെയ്തിരുന്നു. നല്ല അടികിട്ടിയ ഭീതിയിലാണ് പിറ്റേന്ന് ആരോടും ഒരു വാക്ക് പോലും പറയാതെ നൗഷാദ് വീട് വിട്ടിറങ്ങി തൊടുപുഴയിലേക്ക് പോകുന്നത്.

 

പിന്നീട് ഭാര്യയുമായോ, കുടുംബവുമായോ, ബന്ധുക്കളുമായോ, നാട്ടിലുള്ള തന്റെ സുഹൃത്തുക്കളുമായോ പോലും ഒരു ബന്ധവുമില്ലാതെ നൗഷാദ് തൊടുപുഴയിൽ ഒളിച്ചു കഴിയുകയായിരുന്നു. തൊടുപുഴയിൽ എത്തിയതിന് ശേഷം രണ്ട് വർഷമായി മൊബൈൽ ഫോൺ പോലും ഇയാൾ ഉപയോഗിച്ചിരുന്നില്ല എന്നതാണ് ഏറെ കൗതുകകരം. ഇത്തരത്തിൽ തന്നെ കൊന്ന് കുഴിച്ചു മൂടിയെന്ന ഭാര്യയുടെ വെളിപ്പെടുത്തലും അതുമായി ബന്ധപ്പെട്ട വാർത്തകളുമൊന്നും നൗഷാദ് കണ്ടിട്ട് പോലുമില്ല.

 

പൊലീസുകാർ പറയുമ്പോൾ മാത്രമാണ് വാർത്താ ചാനലുകളിലെ പ്രധാന വിഷയം താനാണെന്ന് പോലും അയാളറിയുന്നത്. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ ഒരു പൊലീസുകാരന്റെ വീടിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് നൗഷാദ് ജോലി ചെയ്തിരുന്നത്. ഫോട്ടോ കണ്ടതിന്റെ അടിസ്ഥാനത്തിൽ അവിടെ കൃഷിപ്പണി ചെയ്ത് ജീവിക്കുന്നയാൾ നൗഷാദാണോയെന്ന സംശയത്തിലാണ് പൊലീസ് അവിടെയെത്തുന്നത്. അങ്ങനെ വീട്ടുടമയുമായി സംസാരിച്ച ശേഷമാണ് നൗഷാദിനെ പൊലീസുകാർ നേരിട്ട് കാണുന്നത്. പൊലീസുകാർ തെരയുന്നത് തന്നെയാണെന്ന് സമ്മതിച്ച നൗഷാദ് അവർക്കൊപ്പം രാവിലെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് വരുകയായിരുന്നു.

 

പത്തനംതിട്ടയിലേക്ക് പോവാൻ തയ്യാറല്ലെന്നും അവിടെ എത്തിയാൽ വീണ്ടും മർദനം ഉണ്ടാവുമെന്നും ജീവന് ആപത്തുണ്ടാവുമെന്നുമാണ് നൗഷാദ് പറയുന്നത്. തൊടുപുഴയിൽ തന്നെ കൃഷിപ്പണിയുമായി നിന്നാൽ മതിയെന്ന നിലപാടിലാണയാൾ. പത്തനംതിട്ടയിലെ കൂടൽ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് തിരിച്ചിട്ടുണ്ട്. കൂടൽ പൊലീസ് സ്റ്റേഷനിലാണ് നൗഷാദിന്റെ കുടുംബം പരാതി നൽകിയിരിക്കുന്നത്. നൗഷാദിനെ മർദിച്ചത് ആരൊക്കെയാണ് എന്ന ചോദ്യമാണ് ഇനി ബാക്കിയായുള്ളത്. നൗഷാദിന് പരാതിയില്ലെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്ക് പൊലീസ് കടക്കാൻ സാധ്യതയില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here