തൃശ്ശൂര്‍: ലോഡ്ജില്‍ മൂന്നംഗകുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മലബാര്‍ ലോഡ്ജിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, 20 വയസ്സ് തോന്നിക്കുന്ന മകള്‍ എന്നിവരാണ് മരിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതുസംബന്ധിച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. ഈ മാസം നാലിന് രാത്രി 12 മണിയോടെയാണ് കുടുംബം ലോഡ്ജില്‍ മുറിയെടുത്തത്. ഏഴാംതീയതി രാത്രിവരെ ലോഡ്ജില്‍ തങ്ങുമെന്ന് അധികൃതരെ അറിയിച്ചിരുന്നു. രാത്രി വൈകി ഉറങ്ങിപ്പോവുകയാണെങ്കില്‍ വിളിക്കണമെന്ന് ലോഡ്ജ് ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം മുറിയില്‍ക്കയറി വാതിലടച്ചു. പിന്നീട് പുറത്തിറങ്ങിയില്ല. രാത്രി ഏറെ വൈകീട്ടും മുറി ഒഴിയാത്തതിനെത്തുടര്‍ന്ന് ലോഡ്ജ് ജീവനക്കാരെത്തി ഇവരെ വാതിലില്‍മുട്ടി വിളിച്ചു. പ്രതികരണമൊന്നുമില്ലാതായതോടെ സംശയം തോന്നിയ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു.പിന്നാലെ കതക് കുത്തിപ്പൊളിച്ച് തുറന്നതോടെ മൂന്നുപേരും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
സന്തോഷിന്റെയും ഭാര്യ സുനിയുടെയും മൃതദേഹങ്ങള്‍ മുറിക്കകത്തായിരുന്നു. സന്തോഷ് തൂങ്ങി നില്‍ക്കുന്ന നിലയിലും ഭാര്യ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. തൂങ്ങിമരിച്ച കയറ് അറുത്തുമാറ്റിയ നിലയില്‍ ബാത്ത്‌റൂമിലായിരുന്നു 20 വയസ്സ് പ്രായം തോന്നിക്കുന്ന മകളുടെ മൃതദേഹമുണ്ടായിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷമായിരിക്കും ഓരോരുത്തരുടെയും മരണകാരണം കൃത്യമായി മനസ്സിലാക്കാനാവുക. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.