കായംകുളം: ആരാധനാലയങ്ങളും ചെറിയ വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. കൊല്ലം കൊറ്റങ്കര മാമ്പുഴ ഭാഗത്ത് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പത്തിയൂര്‍ കോട്ടൂര്‍ വടക്കതില്‍ വീട്ടില്‍ ശ്യാം(37), കൊല്ലം തൃക്കടവൂര്‍ അഞ്ചാലുംമൂട് കുപ്പണ ക്ഷേത്രത്തിന് സമീപത്ത് നിന്ന് കൃഷ്ണപുരം കൃഷ്ണവിലാസം വീട്ടില്‍ അശോകന്‍(40), തിരുവനന്തപുരം ചിറയിന്‍കീഴ് മലവിപൊയ്കയില്‍ വീട്ടില്‍ അനില്‍കുമാര്‍(42) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പൊലീസ് രാത്രികാല പട്രോളിങ് നടത്തി വരവെ, ബൈക്കില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോള്‍ നിരവധി ബാറ്ററി, ചാര്‍ജര്‍, സിഗററ്റ്, ലോട്ടറി ടിക്കറ്റ് എന്നിവ കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മോഷണ വസ്തുക്കളാണെന്ന് മനസിലായത്. നടയ്ക്കാവ് വിജയന്റെ കടയില്‍ നിന്നും കവര്‍ന്ന 6,000 രൂപയുടെ സാധനങ്ങളാണ് ഇവരില്‍ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഭരണിക്കാവ് കട്ടച്ചിറ തിരുവിയ്ക്കല്‍ കുറ്റിയില്‍ വീട്ടിലെ പൂജാമുറിയില്‍ നിന്നും വിഗ്രഹങ്ങളും വിളക്കുകളും മൊന്തയും താലങ്ങളും ഉള്‍പ്പെടെ 25,000 രൂപ വില വരുന്ന സാധനങ്ങളും അപഹരിച്ചതും ഇവരാണെന്ന് കണ്ടെത്തി.
ഡിവൈ.എസ്.പി അജയനാഥിന്റെ നേതൃത്വത്തില്‍ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ശ്രീകുമാര്‍, നിയാസ്, എ.എസ്.ഐ അമീര്‍ഖാന്‍, സാബു മാത്യു, സി.പി.ഒമാരായ ജയകൃഷ്ണന്‍, റിന്റിത്ത്, റെജിന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.