വോട്ടർമാർക്ക് നൽകിയ വാഗ്ധാനങ്ങൾ പാലിക്കാൻ കഴിയാത്തതിൽ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ച് കൗൺസിലർ. ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിലെ നർസിപട്ടണം മുനിസിപ്പാലിറ്റി കൗൺസിലർ മുലപാർത്തി രാമരാജുവാണ് സ്വയം ശിക്ഷിച്ചത്. കൗൺസിൽ യോഗത്തിനിടെ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിക്കുന്ന രാമരാജുവിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
“ഞാൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ട് 31 മാസമായി. എന്നാൽ ഡ്രെയിനേജ്, വൈദ്യുതി, ശുചീകരണം, റോഡ് തുടങ്ങി എൻ്റെ വാർഡിലെ ഒരു പ്രശ്നത്തിലും പരിഹാരം കാണാൻ എനിക്ക് സാധിച്ചില്ല.”- വാർത്താമാധ്യമമായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് രാമരാജു പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറാണ് രാമരാജു. പറ്റുന്നതുപോലെയൊക്കെ ശ്രമിച്ചിട്ടും തനിക്ക് പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിഞ്ഞില്ലെന്ന് 40 വയസുകാരനായ രാമരാജു പറയുന്നു.