ബെംഗളൂരു∙ കർണാടകയിൽ എഎസ്പി ആയി ചാർജ് എടുക്കാൻ പോവുകയായിരുന്ന ഐപിഎസ് പ്രബേഷണറി ഓഫിസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ (25) ആണ് ആദ്യ പോസ്റ്റിങ്ങ് ഏറ്റെടുക്കാൻ പോകവെ മരിച്ചത്. ജീപ്പ് ഓടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹാസനയ്ക്ക് 10 കിലോമീറ്റർ അകലെ കിട്ടനെയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് ജീപ്പ് നിന്നത്. ഹർഷ് ബർധനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടു വരാനിരിക്കെ ആയിരുന്നു അന്ത്യം.
വാഹനങ്ങളെ ഒഴിപ്പിച്ച് ട്രാഫിക് കോറിഡോർ ഉണ്ടാക്കി ബെംഗളൂരുവിൽ എത്തിക്കാൻ ആയിരുന്നു നീക്കം. എന്നാൽ ആരോഗ്യനില ഗുരുതരമാവുകയും മരിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ ദോസർ സ്വദേശിയാണ് ഹർഷ് ബർധൻ. മൈസൂരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു ആദ്യ നിയമനം.