പെൺകുട്ടികൾ 10 വയസ്സുവരെ പഠിച്ചാൽ മതിയെന്ന പുതിയ ഉത്തരവുമായി താലിബാൻ. അഫ്‌ഗാനിസ്ഥാന്റെ ചില മേഖലകളിലായി പെൺകുട്ടികൾ പത്താം വയസ്സിൽ പഠനം അവസാനിപ്പിക്കണമെന്ന് താലിബാൻ നിർദേശിച്ചതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. ഗസ്നി പ്രവിശ്യയിൽ പത്തു വയസ്സിന് മുകളിലുള്ള വിദ്യാർഥികളെ സ്കൂളുകളിലോ പരിശീലന കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കരുതെന്ന് സ്കൂൾ മേധാവികൾക്ക് താലിബാൻ നിർദേശം നൽകി.
ഇത്തരത്തിൽ പഠനത്തിനായി എത്തുന്നവരെയും മൂന്നാം ക്ലാസിന് മുകളിലുള്ള പെൺകുട്ടികളെയും വീടുകളിലേക്ക് മടക്കി അയയ്ക്കണമെന്നാണ് നിർദേശം. കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെതിരെ യുഎന്നിൽനിന്നും വിവിധ വിദേശ സർക്കാരുകളിൽനിന്നും വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രവേശന കവാടങ്ങളും ക്ലാസ്മുറികളുമാണ്. താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിൽ വനിതകൾക്ക് പാർക്കുകളിലും ജിമ്മുകളിലും ബ്യൂട്ടി പാർലറുകളിലും പോകുന്നതിനു വിലക്കേർപ്പെടുത്തി. വനിതകളെ സർക്കാർ ജോലികളിൽനിന്നു നീക്കി. പൊതുയിടങ്ങളിൽ മുഖമുൾപ്പെടെ മറച്ച് നടക്കണമെന്നും ഉത്തരവുണ്ട്.