തൃശൂർ: ഓൺലൈൻ ടാസ്ക്കിലൂടെ ദിവസവും 10000 രൂപ വരുമാനം വാഗ്ദാനം ചെയ്തു വീട്ടമ്മയുടെ 17.18 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പുർ നാഗർനിഗം സ്വദേശിയായ കുശാൽ മർമത്തിനെ(32) ആണ് അറസ്റ്റിലായത്. തൃശൂർ സൈബർ ക്രൈം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാങ്ക് അക്കൌണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മൊബൈൽഫോൺ നമ്പർ കണ്ടെത്തുകയും ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, തൃശൂർ സ്വദേശിയായ സ്ത്രീയ്ക്ക് വാട്സാപ്പിലൂടെ മെസേജ് അയച്ചാണ് ദിവസം 10000 രൂപ സമ്പാദിക്കാനാകുന്ന ഓൺലൈൻ ടാസ്ക്കിനെ കുറിച്ച് വിവരം നൽകിയത്. ഓൺലൈനായി ചെയ്യുന്ന ജോലിക്ക് മണിക്കൂർ അടിസ്ഥാനത്തിൽ 10000 രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് ഇയാൾ വിശ്വസിപ്പിച്ചത്. തുടർന്ന് ഇയാൾ പറഞ്ഞത് അനുസരിച്ച് പല തവണയായി 1718600 രൂപ വീട്ടമ്മ നൽകി.
പിന്നീട് താൻ വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയതോടെയാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. രണ്ടരമാസം മുമ്പാണ് വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. കമ്മീഷണർ മുൻകൈയെടുത്ത് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജസ്ഥാനിൽനിന്നുള്ളയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായത്.
തുടർന്ന് പൊലീസ് സംഘം ജോധ്പുരിലെത്തി പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജസ്ഥാൻ പൊലീസിന്‍റെ സഹായത്തോടെയാണ് അറസ്റ്റ്. പ്രതിയിൽനിന്ന് രണ്ട് മൊബൈൽഫോൺ, നാല് എടിഎം കാർഡ്, രണ്ട് ക്രെഡിറ്റ് കാർഡ്, രണ്ട് ആധാർ കാർഡ്, ഒരു പാൻ കാർഡ്, തുക എഴുതാത്ത 11 ചെക്കുകൾ മൂന്ന് സീലുകൾ എന്നിവയും പിടിച്ചെടുത്തു. തൃശൂരിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.