ആകാശത്ത് ഓണസദ്യ; വാഴയിലയിൽ സദ്യ വിളമ്പാൻ വിമാനക്കമ്പനി

0
322

ദുബൈ: പ്രവാസി മലയാളികളുടെ ഓണം കളറാക്കാൻ ആകാശത്ത് ഓണ സദ്യ വിളമ്പാൻ യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബൈയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് ഇലയിൽ ഓണ സദ്യ തന്നെ വിളമ്പുമെന്നാണ് അറിയിപ്പ്.

 

ശർക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, പാലട പ്രഥമൻ, തീർന്നില്ല നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയുമുണ്ട്. ഓണത്തിന് എമിറേറ്റ്സ് എയർലൈൻസിന്റെ സർപ്രൈസ് മെനുവാണിത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് പ്രഖ്യാപനം. അതും ഇലയിൽത്തന്നെ. ആഗസ്ത് 20 മുതൽ 31 വരെയാണ് ആകാശത്തെ ഓണ രുചികൾ ആസ്വദിക്കാനാവുക.

 

ഇതൊന്നും പോരാഞ്ഞ് ഓണത്തിന് മലയാള സിനിമകളും കാണിക്കാനുള്ള തയാറെടുപ്പിലാണ് എമിറേറ്റ്സ്. എയർലൈൻ രംഗത്തെ വൈവിധ്യങ്ങളും പരീക്ഷണങ്ങളും കൊണ്ട് മത്സരം മുറുകുമ്പോഴാണ് ഇതെന്നതാണ് ശ്രദ്ധേയം. അടുത്ത പുതുവർഷത്തിൽ കോഴിക്കോട്ടേക്ക് സർവ്വീസും, കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവ്വീസുകളും എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here