മുംബൈ ∙ മഹാരാഷ്ട്രയില്‍ ജല്‍ഗാവില്‍ ട്രെയിനിൽ തീപടർന്നതായുള്ള അഭ്യൂഹത്തെ തുടർന്ന് പുറത്തേക്ക് ചാടിയ 11 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിച്ചാണ് 11 പേരും മരിച്ചത്. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സംഭവം. മുംബൈ–ലക്നൗ പാതയിൽ സർവീസ് നടത്തുന്ന പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരു–ന്യൂഡൽഹി പാതയിലോടുന്ന കർണാടക എക്സ്പ്രസ് ട്രെയിനാണ് ട്രാക്കിലുണ്ടായിരുന്നവരെ ഇടിച്ചത്.
പത്തോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരമുണ്ട്. ട്രെയിനിൽ തീപിടിച്ചതായി റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇതു കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ ചാടിയതെന്നുമാണ് വിവരം. പർധഡെ റെയിൽവേ സ്റ്റേഷന് സമീപം വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
പരിഭ്രാന്തരായ മുപ്പത്തിയഞ്ചോളം യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടിയെന്നാണ് വിവരം. പരുക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകരും പൊലീസും അടക്കമുള്ളവർ സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഡിവിഷണൽ റെയിൽവേ മാനേജരും അപകടസ്ഥലത്തെത്തി.
ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ‘‘മന്ത്രി ഗിരീഷ് മഹാജനും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ കലക്ടർ ഉടൻ അവിടെയെത്തും. ജില്ലാ ഭരണകൂടവും റെയിൽവേ ഭരണകൂടവും സംയുക്തമായി പ്രവർത്തിക്കുകയാണ്. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി അടിയന്തര ക്രമീകരണങ്ങൾ ചെയ്തുവരുന്നു’’ – ഫഡ്നാവിസ് എക്സിൽ കുറിച്ചു.