ന്യായമായ വില കിട്ടുന്നില്ല’; സവാള ലേലത്തില്‍ നിന്ന് പിന്‍മാറി കര്‍ഷകരുടെ പ്രതിഷേധം

0
350

മുംബൈ: മഹാരാഷ്ട്രയില്‍ മൊത്തവ്യാപാര കേന്ദ്രങ്ങളിലെ സവാള ലേലത്തില്‍ നിന്ന് പിന്‍മാറി കര്‍ഷകരുടെ പ്രതിഷേധം. മതിയായ വില കിട്ടാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ ലോഡ് ഇറക്കാന്‍ തയ്യാറാകാതെയിരുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ലേലം മുടങ്ങിയത്. 40 ശതമാനം കയറ്റുമതി തീരുവ അംഗീകരിക്കില്ലെന്ന നിലപാടും വ്യാപാരികള്‍ ആവര്‍ത്തിച്ചു.

 

ബുധനാഴ്ച കര്‍ഷക സംഘടന നേതാക്കളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ഷകര്‍ക്ക് റെക്കോര്‍ഡ് വില നല്‍കി സവാള സംഭരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. സവാള കയറ്റുമതിക്ക് തീരുവ പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരികളും കര്‍ഷകരും ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് വില വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. നാഫെഡും എന്‍സിസിഎഫും ക്വിന്റലിന് 2410 രൂപ നല്‍കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. നേരത്തെ 2151 രൂപയാണ് ക്വിന്റലിന് നല്‍കിയിരുന്നത്. ആവശ്യമെങ്കില്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ സവാള വാങ്ങി സ്റ്റോക്ക് വര്‍ധിപ്പിച്ചേക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. വില നിയന്ത്രിക്കാനാണ് സവാള സംഭരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വരും ആഴ്ചകളില്‍ വില കുറയുമെന്നും മന്ത്രി സൂചന നല്‍കി. ഉത്സവ സീസണിന് മുന്നോടിയായി സവാള വില വര്‍ധനവ് തടയാന്‍ എന്‍സിസിഎഫും നാഫെഡും കിലോക്ക് 25 രൂപ നിരക്കില്‍ സബ്‌ സിഡിയായി ഉള്ളി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കര്‍ഷകരുടെ സവാള നല്ല വിലയ്ക്ക് വില്‍ക്കാന്‍ സൗകര്യമൊരുക്കുമെന്നും ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു. കയറ്റുമതിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ മികച്ച വിലയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഏഷ്യയിലെ ഏറ്റവും വലിയ സവാള മൊത്തവ്യാപാര കേന്ദ്രമായ നാസിക്കില്‍ വില്‍പന നടക്കാതായതോടെ ഗോഡൗണുകളില്‍ സവാള നിറഞ്ഞ് കിടക്കുകയാണ്. കേരളത്തിലേക്ക് അടക്കം സവാളയെത്തുന്നത് നാസിക്കില്‍ നിന്നാണ്. വില്‍പന ദീര്‍ഘകാലത്തേക്ക് നിലച്ചാല്‍ രാജ്യത്ത് സവാള ക്ഷാമം രൂക്ഷമാവും. മഹാരാഷ്ട്രയിലെ കൃഷിമന്ത്രി ധനഞ്ജയ് മുണ്ടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കണ്ട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്ത് സവാള ലഭ്യത ഉറപ്പാക്കാനാണ് തീരുവ ഏര്‍പ്പെടുത്തിയതെന്ന് പറഞ്ഞ മന്ത്രി നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്. കേന്ദ്ര ബഫര്‍ സ്റ്റോക്കിലെ സവാള വിപണിയിലേക്ക് ഇറക്കാനുള്ള നടപടിയും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here