വീടിന് സമീപം സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ നഴ്സറി വിദ്യാർത്ഥിനി ഇതേ വാഹനം ഇടിച്ച് മരിച്ചു. കാസർഗോഡ് പെരിയഡുക്കത്താണ് അപകടമുണ്ടായത്. നെല്ലിക്കുന്ന് തണൽ ഉപ്പാപ്പ നഴ്സറി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനി ആയിഷ സോയ (4) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കുട്ടി ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തിരികെ പോകാനായി സ്കൂൾ ബസ് പിന്നോട്ടെടുക്കുമ്പോൾ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട കുട്ടിയെ ചുറ്റുമുള്ളവർ ഓടിയെത്തി പുറത്തെടുത്തു.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം സുരക്ഷ ഉറപ്പു വരുത്താതെയാണ് വിദ്യാർത്ഥികളെ ബസിൽ നിന്ന് ഇറക്കി വിട്ടതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിച്ചു.