കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് വിദ്യാർത്ഥികൾ. നടപടി നേരിട്ട ആറ് വിദ്യാർത്ഥികളും ഡോക്ടർ പ്രിയേഷിനോട് മാപ്പ് പറഞ്ഞു. കോളേജ് കൗൺസിൽ തീരുമാനപ്രകാരമാണ് മാപ്പ് പറഞ്ഞത് തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി.
കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ക്ലാസ് മുറിയില്‍ കളിച്ചും ചിരിച്ചും നടക്കുന്നതിന്റെയും, അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നത്. ക്ലാസിലെ ചില വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
വീഡിയോയ്‌ക്കെതിരെയും കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെയും വലിയ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലടക്കമുണ്ടായി. പിന്നാലെ കെ എസ് യു നേതാവടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം, ക്ലാസ് മുറിയിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും, സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്ത രണ്ടുപേർക്കെതിരെ കടുത്ത നിലപാടാണ് കോളേജ് കൗൺസിൽ സ്വീകരിച്ചിട്ടുള്ളത്. സമാനമായ തെറ്റ് ആവർത്തിച്ചാൽ ഇരുവരെയും പുറത്താക്കാനാണ് തീരുമാനം. സംഭവത്തിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.