മേപ്പാടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. മേപ്പാടി, വിത്തുക്കാട്, അമ്പക്കാടൻ വീട്ടിൽ പി.കെ. നാസിക്ക്(26)നെയാണ് ഒരു വർഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയത്.
ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് തോംസൺ ജോസ് ഐ.പി.എസ് ആണ് ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ നാസിക്ക് നിരവധി കേസുകളിൽ പ്രതിയാണ്. മാരക ലഹരി വസ്തുക്കൾ കൈവശം വെക്കല്‍,വില്‍പ്പന നടത്തൽ, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തൽ, ദേഹോപദ്രവം, കൈയ്യേറ്റം ചെയ്യല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.