കാഞ്ഞിരപ്പള്ളിയില്‍ ശ്രദ്ധ സതീഷിന്റെ മരണത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ അമല്‍ജ്യോതി കോളജില്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. പൊലീസിന്റെ സുരക്ഷയിലായിരിക്കും ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് കോളജ് അടച്ചിട്ടത്.
ശ്രദ്ധയുടെ മരണത്തെ തുടര്‍ന്ന് ആരോപണ വിധേയായ കോളജ് വാര്‍ഡന്‍ സിസ്റ്റര്‍ മായയെ ചുമതലകളില്‍ നിന്ന് മാറ്റി. എച്ച്ഒഡി അനൂപിനെതിരെ തത്ക്കാലം നടപടിയില്ല. ശ്രദ്ധയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കോളജിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നത്.
രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) ആണ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്. ഒപ്പം താമസിക്കുന്ന കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയി തിരിച്ചു വരുമ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ ശ്രദ്ധയെ കാണുകയായിരുന്നു. ഉടന്‍ കുട്ടികള്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാര്‍ ശ്രദ്ധയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് താത്ക്കാലികമായി അടച്ചിട്ടത്. വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായിത്തുടങ്ങിയതോടെ കോളജ് മാനേജ്‌മെന്റ് പൊലീസിനെ സമീപിക്കുകയും കോടതി ഉത്തരവ് വാങ്ങി കോളജിന് സംരക്ഷണം തേടുകയുമായിരുന്നു.