നിങ്ങളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയാൽ നിങ്ങൾ എന്ത് ചെയ്യും? പേടിച്ചു പോകും അല്ലെ ? എന്നാൽ തട്ടിപ്പ് സംഘത്തോട് നിങ്ങൾ എന്റെ ഫോട്ടോ പ്രചരിപ്പിച്ചോളൂ ഞാനും പ്രചരിപ്പിക്കാം എന്ന് സധൈര്യം പറഞ്ഞ ഒരാളുണ്ട് മലപ്പുറത്ത്.
മൂന്നിയൂർ ആലിൻചുവട് സ്വദേശി ഫവാസ് ചേനാരിയുടെ മുന്നിലാണ് ലോൺ ആപ്പുകാർ തോറ്റോടിയത്. ദിവസങ്ങൾക്ക് മുന്നെ ലോൺ ആപ്പിൽ നിന്ന് ചെറിയ തുക ലോൺ എടുത്തിരുന്നു.കൃത്യ സമയത്ത് തന്നെ പണം തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം പണം അയക്കാൻ കഴിഞ്ഞില്ല.ലോൺ എടുക്കുമ്പോൾ അയച്ചു നൽകിയ ചിത്രം ഉപയോഗിച്ച് മോർഫ് ചെയ്ത് ഫവാസിന് അയച്ചു നൽകി.പിന്നാലെ ഭീഷണിയും.
ഞാൻ പറഞ്ഞു കുഴപ്പമില്ല, നിങ്ങൾ ഷെയർ ചെയ്‌തോളാൻ. ലോൺ എടുക്കാൻ നമ്മൾ കൊടുത്ത സെൽഫിയാണ് അവർ മോർഫ് ചെയ്യുന്നത്. എന്റെ തല ആരുടെയോ ഉടലിൽ വച്ചിരിക്കുകയാണ്. എന്നെ അറിയുന്ന ആളുകൾക്കറിയാം അത് ഞാനല്ലെന്ന്. അതുകൊണ്ട് നിങ്ങൾ അത് ഷെയർ ചെയ്‌തോളാൻ ഞാൻ ലോൺ ആപ്പുകാരോട് പറഞ്ഞു’ ഫവാസ് പറഞ്ഞു.