പത്തനംതിട്ട∙ മോട്ടോര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ചു യാത്ര തുടങ്ങിയ റോബിന്‍ ബസ് നാലാമതും തടഞ്ഞു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. തൃശൂർ പുതുക്കാട്ടു വച്ചാണു ബസ് അവസാനമായി ഉദ്യോഗസ്ഥർ തടഞ്ഞത്. ഉദ്യോഗസ്ഥരെ കൂകിവിളിച്ചു നാട്ടുകാർ പിന്നാലെ പ്രതിഷേധിച്ചു. അങ്കമാലിയിൽവച്ചും പാലായിൽവച്ചും പത്തനംതിട്ടയിൽവച്ചും ബസ് എംവിഡി തടഞ്ഞിരുന്നു.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നു യാത്ര തുടങ്ങിയ ബസ് 100 മീറ്റർ പിന്നിട്ടപ്പോളാണു പരിശോധനയുമായി എത്തിയ എംവിഡി പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടത്. പരിശോധന തുടരുമെന്ന് എംവിഡി വീണ്ടും അറിയിക്കുകയായിരുന്നു. തുടർന്നു പാലാ ഇടപ്പാടിയിൽ വച്ചു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും ബസ് തടഞ്ഞു. നാട്ടുകാരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ബസ് വിട്ടയച്ചു. പിന്നീട് അങ്കമാലയിൽവച്ചും ബസ് തടഞ്ഞു.
കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമായിരുന്നു ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷിന്റെ പ്രതികരണം. പരിശോധനയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര. കോയമ്പത്തൂർ വരെ ബസുടമയും യാത്രയിൽ പങ്കെടുക്കും.