കത്രിക കുടുങ്ങിയത് മെഡ‍ി.കോളജിൽ‌ നിന്നു തന്നെ: ഒരു കോടി രൂപ നഷ്ടപരിഹാരം തേടി യുവതി

0
559

പ്രസവശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിനി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതു കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു തന്നെയെന്നു വ്യക്തമാക്കി പൊലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇപ്പോൾ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ‌ ജോലി ചെയ്യുന്ന അസി. പ്രഫസർ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം.ഷഹന (32), കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം.രഹന (33), കെ.ജി.മഞ്ജു (43) എന്നിവരാണു കേസിൽ ഒന്നു മുതൽ 4 വരെ പ്രതികൾ.

 

കടുത്ത വയറുവേദനയെ തുടർന്ന് 2022 സെപ്റ്റംബർ 17നു കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലാണു ഹർഷിനയുടെ വയറ്റിൽ നിന്നു കത്രിക (ആർട്ടറി ഫോർസെപ്സ്) കണ്ടെടുത്തത്. 3 തവണ പ്രസവശസ്ത്രക്രിയയ്ക്കു വിധേയയായ ഹർഷിനയുടെ വയറ്റിൽ എവിടെ നിന്നാണു കത്രിക കുടുങ്ങിയതെന്നു കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു പരാതി അന്വേഷിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്.

 

എന്നാൽ‌, 2017 ജനുവരി 27ന് കൊല്ലത്തു നടത്തിയ എംആർഐ സ്കാനിങ്ങിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കണ്ടെത്തിയിരുന്നില്ല എന്ന റിപ്പോർട്ട് പൊലീസിന്റെ അന്വേഷണത്തിൽ നിർണായക തെളിവായി. നേരത്തേ തന്നെ വയറ്റിൽ കത്രിക ഉണ്ടായിരുന്നെങ്കിൽ ഗർഭധാരണം സങ്കീർണമാകുമായിരുന്നു എന്നു വിദഗ്ധോപദേശം ലഭിച്ചതായും എസിപി കെ.സുദർശൻ പറഞ്ഞു. 2017 നവംബർ 30ന് ആയിരുന്നു മെഡിക്കൽ കോളജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ.

 

ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഉപകരണം മെഡിക്കൽ കോളജിൽ നിന്നാണു വയറ്റിൽ കുടുങ്ങിയതെന്നു പൊലീസ് കണ്ടെത്തിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും പ്രതി ചേർത്ത കേസിൽ ഐപിസി 338 പ്രകാരം 2 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയത്. കുറ്റപത്രം എണ്ണൂറോളം പേജുണ്ട്. 60 സാക്ഷികളാണുള്ളത്.

 

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നു കെ.കെ.ഹർഷിന പറഞ്ഞു. ഒന്നര വർഷമായി തുടരുന്ന പോരാട്ടമാണ്. പല തരത്തിലുള്ള ചികിത്സാ പിഴവുകളും ഉണ്ടാകുന്നുണ്ട്. മരണം വരെ സംഭവിക്കുന്നു. അതിനാൽ അത്തരം ആളുകൾക്ക് നീതി ലഭിക്കാൻ നിയമ നി‍ർമാണം നടത്തണമെന്നും ഹർ‌ഷിന ആവശ്യപ്പെട്ടു. ഹർഷിനയ്ക്ക് നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്നു സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു. മന്ത്രി വീണാ ജോർജ് മന്ത്രിസഭയ്ക്ക് അകത്തും പുറത്തും പറഞ്ഞ വാക്കു പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here