2023 ൽ കണ്ടെത്തിയ വ്യത്യസ്ഥ ജീവജാലങ്ങളുടെ പട്ടികയിൽ മലയാളി മീനും. കക്ഷി വരാലിന്റെ വകയിലൊരു ബന്ധുവായി വരും. കണ്ണുകളില്ലാത്ത ഈ മീൻ പ്രദേശവാസികളുടെ കൂടി സഹായത്തോടെ കണ്ടെത്തിയതുകൊണ്ട് ഹൊറാഗ്ലാനിസ് പോപ്പുലി എന്നാണ് മത്സ്യത്തിന് ശാസ്ത്രലോകം നൽകിയിരിക്കുന്ന പേര്.
ഭൂഗർഭജലമുള്ള അക്വിഫയറുകളിലാണ് പോപ്പുലി കാണപ്പെടുന്നത്. കാലങ്ങളായി ഇരുട്ടത്ത് ജീവിക്കുന്ന ഇവയ്ക്ക് അതുകൊണ്ട് തന്നെ കാഴ്ചയുടെ ആവശ്യമില്ല. അങ്ങനെ, പരിണാമത്തിലൂടെയാണ് പോപ്പുലിക്ക് കണ്ണുകൾ നഷ്ടമായത്. ഒപ്പം രക്തത്തിന്റെ ചുവപ്പും പ്രകടമായി തെളിഞ്ഞ് വന്നു. കിണറുകളിൽ നിന്നാണ് പോപ്പുലിയെ കണ്ടെത്തിയത്.
എല്ലാ വർഷവും ശാസ്ത്രജ്ഞർ പുതിയ ജീവജാലങ്ങളെ ലോകത്തിനായി പരിചയപ്പെടുത്താറുണ്ട്. പുതുതായി കണ്ടെത്തിയ ജീവജാലങ്ങളിൽ മിക്കവയും, കാലാവസ്ഥാ വ്യതിയാനും, അധിനിവേശ ജീവികൾ എന്നിവ കാരണം വംശനാശ ഭീഷണി നേരിടുന്നവയാകും. ഈ വർഷം 11 വ്യത്യസ്ത വർഗത്തിലുള്ള ജീവജാലങ്ങളേയാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.
അതിലൊന്നാണ് കേരളത്തിൽ പത്തനംതിട്ടയിലും മറ്റും കാണപ്പെടുന്ന പോപ്പുലി.
പനാമ, കൊളംബിയ, ഇക്വഡോർ എന്നിവിടിങ്ങളിലെ വനാന്തരങ്ങളിൽ കാണപ്പെടുന്ന പാമ്പുകളാണ് പട്ടികയിൽ ഒന്നാമത്. ഒച്ചിനെ ഭക്ഷിക്കുന്ന ഇവയുടെ പേര് Sibon irmelindicaprioae എന്നാണ്. രണ്ടാം സ്ഥാനത്ത് ജയന്റ് ആമസോണിയൻ എട്ടുകാലിയാണ്. ഓറഞ്ച് നിറത്തിലുള്ള വെൽവെറ്റ് തൊലിയുള്ള എട്ട് ഇഞ്ച് നീളമുള്ള ഈ എട്ടുകാലിയുടെ പേര് സഡാല റൗളിയെന്നാണ്. ആമസോൺ മഴക്കാടുകളിൽ കണ്ടെത്തിയ ഇവയുടെ ഭക്ഷണം ചെറു പ്രാണികളാണ്. മൂന്നാം സ്ഥാനത്താണ് നമ്മുടെ പോപ്പുലി.
ലൈറ്റ് ബൾബിനെ അനുസ്മരിപ്പിക്കുന്ന അനിമോൺ- പേര് ബെല്ലാക്ടിസ് ലക്‌സ്, നിശബ്ദനായി കരയുന്ന തവള- പേര് ഹൈപ്പറോല്യസ് ഉക്കാഗുര്വെൻസസ് ഇങ്ങനെ നിരവധി വിചിത്ര സസ്യ-ജീവജാലങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.