മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ വയോധികന് നേരെ ക്രൂരമർദനം. 65-കാരനായ ഉണ്ണിമുഹമ്മദ് ആണ് ക്രൂരമർദനത്തിന് ഇരയായത്.
ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബന്ധു യൂസഫ് ആണ് ഇവരെ മർദിച്ചത് എന്നാണ് പരാതി.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വഴിവെട്ടാനായി യൂസഫ് ജെ.സി.ബിയുമായി എത്തിയപ്പോള്‍ സ്ഥലമുടമയായ ഉണ്ണി മുഹമ്മദ് തടയുകയായിരുന്നു. കേസില്പെട്ടസ്ഥലമാണെന്നും ഇപ്പോള്‍ വഴിവെട്ടാൻ സാധ്യമല്ലെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു. തുടർന്ന് ഉണ്ണി മുഹമ്മദിന്റെ ബന്ധുവായ യൂസഫും മകനും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
മുഖത്ത് മുളകുപൊടി വിതറി ആയിരുന്നു ക്രൂരമർദമനമെന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. തടയാൻ ശ്രമിച്ച ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായq മകനും പരിക്കേറ്റു. സംഭവത്തില്‍ മഞ്ചേരി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.