ഡേറ്റിങ്ങ് ആപ്പായ ബംബിളിലെ വ്യാജപ്രൊഫൈലുകൾ ആപ് ഉപയോഗിക്കുന്നവരെ ആപ്പിലാക്കാറുണ്ട്. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിവരണങ്ങളും പ്രായവുമൊക്കെ ആളുകൾ പ്രൊഫൈലിൽ നൽകും. ഇത്തരത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സ്പാം അക്കൗണ്ടുകളും വ്യാജ പ്രൊഫൈലുകളും തിരിച്ചറിയാൻ എഐ സഹായിക്കും. ഡിസെപ്ഷൻ ഡിറ്റക്ടർ എന്ന് വിളിക്കുന്ന പുതിയ ടൂൾ, ഉപയോക്താക്കൾ തെറ്റായ ഉള്ളടക്കം കാണുന്നതിന് മുന്‍പായി നടപടിയെടുക്കും.
സ്പാം അല്ലെങ്കിൽ സ്‌കാം അക്കൗണ്ടുകളായി കണ്ടെത്തിയ 95% അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ ഈ ടൂളിന് കഴിയുമെന്ന് ബംബിൾ കണ്ടെത്തി. ടൂൾ പരീക്ഷിച്ചതിന്റെ ആദ്യ രണ്ട് മാസത്തിനുള്ളിൽ, സ്പാം, തട്ടിപ്പുകൾ, വ്യാജ അക്കൗണ്ടുകൾ എന്നിവയുടെ ഉപയോക്തൃ റിപ്പോർട്ടുകൾ 45 ശതമാനത്തോളം കുറഞ്ഞതായി ബംബിൾ കണ്ടെത്തി. ബംബിളിന്റെ ഹ്യൂമൻ മോഡറേഷൻ ടീമിനൊപ്പമാണ് ഡിസെപ്ഷൻ ഡിറ്റക്ടർ നിലവിൽ പ്രവർത്തിക്കുന്നത്.
വ്യാജ പ്രൊഫൈലുകൾ പെരുകിയപ്പോൾ, ഇടപെടുന്ന പ്രൊഫൈലുകളുടെ ആധികാരികതയെക്കുറിച്ചുള്ള അംഗങ്ങൾക്ക് ആശങ്ക ഒഴിവാക്കാനും സുരക്ഷിതമായ ഇന്റർനെറ്റ് അനുഭവത്തിനുമാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതെന്നു കമ്പനി പറയുന്നു. ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) റിപ്പോർട്ട് അനുസരിച്ച്, പ്രണയ തട്ടിപ്പുകൾ ഇരകൾക്ക് 2022ൽ ഏകദേശം 1.3 ബില്യൻ ഡോളർ നഷ്ടമുണ്ടാക്കിയത്രെ.