മാനന്തവാടി∙ മാനന്തവാടിയിൽ യുവാവിനെ ചവിട്ടിക്കൊന്ന ‘ബേലൂർ മഖ്‍ന’ എന്ന കാട്ടാനയെ ഉടൻ മയക്കുവെടി വയ്ക്കും. ദൗത്യസംഘം മോഴയാനയുടെ തൊട്ടടുത്തെത്തി. നാല് കുങ്കിയാനകളും സ്ഥലത്തെത്തി. റോഡിയോ കോളറിൽനിന്നു ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് ആനയുടെ സമീപത്തെത്തിയത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മാനന്തവാടിയിലെത്തി. അഞ്ച് ഡിഎഫ്ഒമാരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. 4 വെറ്റിനറി ഓഫിസർമാരും സംഘത്തിനൊപ്പമുണ്ട്.
ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് നിർദേശം. മയക്കുവെടിവച്ചശേഷം ആനയെ മുത്തങ്ങയിലേക്കു കൊണ്ടുപോകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണോ എന്നതിൽ പിന്നീട് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളാണ് സ്ഥലത്തുള്ളത്. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കികളാണ് ദൗത്യസംഘത്തെ സഹായിക്കുന്നത്. കര്‍ണാടകയില്‍നിന്നു പിടികൂടി കാട്ടില്‍വിട്ട മോഴയാനയാണ് ഇന്നലെ രാവിലെ മാനന്തവാടിയില്‍ എത്തിയത്. കര്‍ണാടകയിലെ ഹാസന്‍ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്‌ടോബര്‍ 30നാണ് കര്‍ണാടക വനംവകുപ്പ് ‘ബേലൂര്‍ മഖ്‍ന’യെ മയക്കുവെടിവച്ചു പിടികൂടിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം കേരള അതിര്‍ത്തിക്കു സമീപത്തുള്ള മൂലഹള്ളി വനമേഖലയില്‍ തുറന്നുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.