17 കാരിയെ തട്ടിക്കൊണ്ടുപോയി, ആഹാരവും വസ്ത്രവും നല്‍കാതെ മർദ്ദനം; കെഎസ്ആർടിസി ജീവനക്കാരന് 10 വർഷം തടവ്

0
213

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക്  10 വർഷത്തെ കഠിന തടവ് ശിക്ഷിച്ച് പോക്സോ കോടതി. വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ ശോഭാ ഭവനിൽ അഖിൽ(27)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. കാട്ടാക്കടയിൽ അതിവേഗ പോക്സോ കോടതി വന്ന ശേഷമുള്ള ആദ്യത്തെ വിധിയാണിത്. 2017- ൽ നടന്ന കേസ് ആറു മാസം മുമ്പ് കാട്ടാക്കടയിൽ ആരംഭിച്ച അതിവേഗ പോക്സോ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

 

പത്ത് വർഷത്തെ കഠിന തടവിനും രണ്ട് വർഷത്തെ വെറും തടവിനും 50,000 രൂപ പിഴയൊടുക്കാനുമാണ് വിധി. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴത്തുക ഒടുക്കിയില്ലെങ്കിൽ എട്ട് മാസത്തെ തടവ് ശിക്ഷകൂടി പ്രതി അനുഭവിക്കണം. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിക്കണം. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന പ്രതി ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന 17കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ സൗഹൃദത്തിക്കി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.

 

 

ഗർഭിണിയായ അതിജീവിതയെ വീട്ടിൽ പൂട്ടിയിടുകയും ആഹാരവും വസ്ത്രവും നൽകാതെ പീഡിപ്പിക്കുകയും ചെയ്തെന്നായിരുന്നു പരാതി. മദ്യപാനിയായ ഇയാൾ അതിജീവിതയുടെ മാതാവിന്റെ മുന്നിലിട്ടും ക്രൂരമായി മർദ്ദിക്കുകയും ഇത് ചോദ്യം ചെയ്ത പിതാവിനേയും പ്രതി മർദ്ദിച്ചിരുന്നു. അതിജീവിതയെ തട്ടിക്കൊണ്ട് പോയതിന് രണ്ട് വർഷവും 10,000 രൂപയും പോക്സോ പ്രകാരമുള്ള കുറ്റത്തിനും ബലാത്സംഗത്തിനും 10 വർഷം കഠിന തടവും 40,000രൂപയുമാണ് ശിക്ഷിച്ചത്.

 

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളേയും 16 രേഖകളും രണ്ട് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. മലയിൻകീഴ് സബ് ഇൻസ്പെക്ടർ ആയിരുന്ന വിജയകുമാറാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അന്നത്തെ നെടുമങ്ങാട് ഡിവൈഎസ്പി ബി. അനിൽ കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ പ്രമോദ് ഹാജരായി.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here