കാർ അമിതവേഗത്തിൽ മനഃപൂർവം ലോറിയിൽ ഇടിച്ചു കയറ്റിയത്; അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചില്ല

0
901

കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്. കാർ അമിത വേഗത്തിലായിരുന്നു എന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ലോറിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയർ അപകടത്തിന്റെ ആഘാതം കൂട്ടി. അമിത വേഗത്തിലെത്തിയ കാർ തെറ്റായ ദിശയിലാണ് ഇടിച്ചു കയറ്റിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അന്വേഷണ റിപ്പോർട്ട് ഇന്ന് ആർടിഒ എൻഫോഴ്സ്മെന്റ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറും.

 

കെപി റോഡിൽ ഏഴംകുളം പട്ടാഴിമുക്കിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമൺ നോർത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്ര‌ം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം വില്ലയിൽ ഹാഷിം(31) എന്നിവർ മരിച്ചത്. അപകടം മനഃപൂർവം സൃഷ്ടിച്ചതാണോയെന്ന സംശയത്തിനാണ് ആർടിഒ റിപ്പോർട്ടോടെ കൃത്യത വന്നിരിക്കുന്നത്. അനുജ ഉൾപ്പെടെ അധ്യാപകർ സ്കൂളിൽനിന്നു തിരുവനന്തപുരത്തേക്കു വിനോദയാത്രയ്ക്കു പോയി മടങ്ങുമ്പോഴായിരുന്നു സംഭവം.

 

നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടിൽ താമസിച്ചാണ് അനുജ സ്കൂളിൽ ജോലിക്കു പോയിരുന്നത്. ഇവിടെ പിതാവും സഹോദരനുമുണ്ട്. അവധി ദിവസങ്ങളിൽ അനുജ കായംകുളത്തേക്കു പോകും. ഒരു വർഷം മുൻപാണ് അനുജയുടെ ഭർത്താവ് കായംകുളത്ത് പുതിയ വീടുവച്ചത്. മാർച്ച് 30ന് ആണ് മറ്റപ്പള്ളിയിൽനിന്ന് കായംകുളത്തേക്ക് താമസം മാറാൻ അനുജ തീരുമാനിച്ചതെന്നാണു വിവരം. അനുജ കൈവിട്ടു പോകുമെന്ന് കരുതിയാണ് ക്രൂരകൃത്യത്തിലേക്ക് ഹാഷിം നീങ്ങിയതെന്നാണു സൂചന.

 

അനുജയിൽനിന്ന് ഹാഷിം പല തവണ പണം വാങ്ങിയിരുന്നതായും പൊലീസ് സംശയിക്കുന്നു. ഹാഷിമിന്റെയും അനുജയുടെയും സൗഹൃദത്തെ കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. തുമ്പമൺ ഹയർ സെക്കന്‍ഡറി സ്കൂളിലെ താൽക്കാലിക അധ്യാപികയായ അനുജയെ കുറിച്ച് സഹപ്രവർത്തകർക്കും നാട്ടുകാർക്കും നല്ല അഭിപ്രായമാണ്. ഏവർക്കും പ്രിയപ്പെട്ടവളായിരുന്നു. ഹയർ സെക്കൻഡറി അധ്യാപികയായി പിഎസ്‍സി നിയമനം കിട്ടിയിരിക്കെയാണ് അപ്രതീക്ഷിത മരണം.

പന്തളം– പത്തനംതിട്ട വഴി ഓടുന്ന ബസിലാണു ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. അനുജ സ്കൂളിൽ പോയിരുന്നത് ഈ ബസിലായിരുന്നു. അപ്പോഴാകും ഇരുവരും പരിചയപ്പെട്ടതെന്നാണു നാട്ടുകാർ പറയുന്നത്. അനുജയുടെ ഭർത്താവിന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അടുത്തിടെ സൂചന ലഭിച്ചിരുന്നെന്നാണ് വിവരം. ഹാഷിം മൂന്നു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞാണ് താമസം. അനുജയുടെ വീട്ടിൽ ഹാഷിമിനെ രണ്ടു മൂന്നു തവണ കണ്ടതായും നാട്ടുകാർ പറയുന്നു.

വ്യാഴാഴ്ച രാത്രി 10.15നു മിനി ബസ് കുളക്കടയിൽ എത്തിയപ്പോൾ ഹാഷിം കാർ ബസിനു മുന്നിൽ കയറ്റിനിർത്തി. അനുജയെ വിളിച്ചെങ്കിലും ആദ്യം അവർ ഇറങ്ങിയില്ല. അവർ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു വന്നപ്പോൾ സഹോദരൻ വിഷ്ണു ആണെന്നു പറഞ്ഞാണ് അനുജ ഹാഷിമിനൊപ്പം പോയതെന്ന് സഹഅധ്യാപകർ പൊലീസിനു മൊഴി നൽകി. അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ പോയ കാർ അടൂരിൽനിന്നു പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഇരുവരുടെയും സംസ്കാരം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here