മോദിക്കൊപ്പം സെൽഫിയെടുത്ത് ജോർജ മെലോനി; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രം

0
385

ന്യൂഡൽഹി∙ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും ചേർന്ന് സെൽഫി എടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ഉച്ചകോടിക്കിടെ മെലോനി ചിത്രം ഫോണിൽ പകർത്തിയത്. കഴിഞ്ഞ വർഷം ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരു നേതാക്കളും എടുത്ത സെൽഫിയും വൈറലായിരുന്നു. ‘‘COP28ലെ നല്ല സുഹൃത്തുക്കൾ. #മെലോഡി’’ എന്ന അടിക്കുറിപ്പോടെയാണ് മെലോനി അന്നു ചിത്രം പങ്കുവച്ചത്.

 

വെള്ളിയാഴ്ച, മോദിയും മെലോനിയും ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ മോദിയെ, മെലോനി അഭിനന്ദിച്ചതായി പിഎംഒ അറിയിച്ചു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിനു മോദി, മെലോനിയെ നന്ദിയറിക്കുകയും ഉച്ചകോടിയുടെ വിജയം ആശംസിക്കുകയും ചെയ്തു. ജി7ൽ അംഗമല്ലാത്ത ഇന്ത്യയെ, ഉച്ചകോടിയിലേക്ക് പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. ഇറ്റലി, കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ബ്രിട്ടൻ, യുഎസ് എന്നിവയാണ് ജി 7 രാജ്യങ്ങൾ.

 

വിവിധ നേതാക്കളുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരമുണ്ടക്കാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്നും ചർച്ചകളും നയതന്ത്രവും ഇതിനുള്ള ആയുധമാക്കുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ സെമികണ്ടക്ടർ സാങ്കേതികവിദ്യയിലും വ്യാപാരത്തിലും കൂടുതൽ സഹകരണം ഉറപ്പുനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here