മാനന്തവാടി : ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ കേസെടുത്ത് മാനന്തവാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല.
അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍യ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം.മാനന്തവാടി പുൽപള്ളി റോഡിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയരയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.