നെടുമങ്ങാട് കരകുളത്തെ എൻജിനീയറിങ് കോളജിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളജ് ഉടമസ്ഥൻ അബ്ദുൽ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. അദ്ദേഹത്തിന്റെ മൊബൈൽ ഫോണിലെ ഗാലറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മരണമല്ലാതെ മറ്റൊരു വഴിയില്ലെന്നാണു കുറിപ്പിൽ പറയുന്നത്. ഇതു നേരത്തേ തയാറാക്കിയ കുറിപ്പാണെന്ന് പൊലീസ് പറഞ്ഞു.
മൊബൈൽ ഫോണിൽനിന്ന് മറ്റ് ദൃശ്യങ്ങൾ ഒന്നും കണ്ടെടുക്കാനായിട്ടില്ല. ഒരാഴ്ചയ്‌ക്കകം ഡിഎൻഎ ഫലമെത്തുമെന്നും കൂടുതൽ വ്യക്തതയ്‌ക്കായി ഫലം കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പി.എ. അസീസ് എൻജിനീയറിങ് കോളജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് ഇന്നലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. കടബാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന വിവരം. പണം കൊടുക്കാനുള്ളവർ വന്ന് ബഹളമുണ്ടാക്കിയിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. പണി പൂർത്തിയാക്കാത്ത ഹാളിൽ ഇദ്ദേഹത്തെ മരണത്തിനു തലേ ദിവസം കണ്ടിരുന്നതായും പ്രദേശവാസികൾ പറയുന്നു.