പാലക്കാട് ∙ മൊബൈൽ ഫോൺ പിടിച്ചെടുത്തതിനു പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥി മാപ്പ് ചോദിച്ചു. വിദ്യാർഥിയോട് ക്ഷമിച്ചുവെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി ശിവൻകുട്ടി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ അധ്യാപകർ പകർത്തിയ ദൃശ്യം വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് കൈമാറിയിരുന്നുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്നും പ്രിൻസിപ്പൽ അനിൽകുമാർ പറഞ്ഞു.
താന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അപ്പോഴത്തെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും വിദ്യാര്‍ഥി പറഞ്ഞതായി പ്രിൻസിപ്പൽ പറഞ്ഞു. രക്ഷിതാക്കള്‍ എന്തു പറയുമെന്ന ആശങ്ക ഉള്ളതുകൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടി വന്നതെന്നാണ് വിദ്യാര്‍ഥിയുടെ വിശദീകരണം. സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പുപറഞ്ഞതോടെ ക്ഷമിക്കുന്നതായി അധ്യാപകനും വ്യക്തമാക്കി. ഇതോടെ കുട്ടിക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടിയിലേക്ക് കടക്കില്ലെന്നും കുട്ടിക്ക് തുടര്‍ന്നും സ്‌കൂളില്‍ പഠിക്കാന്‍ സാധിച്ചേക്കുമെന്നും ആണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
വിഡിയോ എടുത്ത അധ്യാപകരുടെ നടപടിയില്‍ സമൂഹമാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. വെറും പതിനാറോ, പതിനേഴോ മാത്രം പ്രായമുള്ള വിദ്യാർഥിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം. വെള്ളിയാഴ്ചയാണു സംഭവമുണ്ടായതെങ്കിലും ചൊവ്വാഴ്ച വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെ വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിലായിരുന്നു പ്രിൻസിപ്പലിനു നേരെ പ്ലസ് വൺ വിദ്യാർഥിയുടെ വധഭീഷണി.