ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരങ്ങൾക്ക് സർക്കാർ എതിരല്ലെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റേഷൻ വ്യാപാരികൾ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്രത്തിനെതിരാണ് ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരരീതികളിൽ നിന്ന് റേഷൻ വ്യാപാരികൾ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ ധനമന്ത്രിയുടെ കൂടി സമയം പരിഗണിച്ച് ചർച്ച ചെയ്യാൻ തയ്യാറാണ്. ഒരു മാസത്തെ റേഷൻ വിതരണത്തിന് 33.5 കോടി രൂപ കമ്മീഷൻ ഇനത്തിൽ സംസ്ഥാന സർക്കാർ ചെലവഴിക്കുന്നുണ്ട്. ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകാനാണ് കേന്ദ്രത്തിന്റെ നീക്കം.
ക്ഷേമനിധി ആക്ട് കാലോചിതമായി ഭേദഗതി ചെയ്യാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരക്കാരോട് ഒരു തരത്തിലുമുള്ള ശത്രുതയുമില്ല. ഒരു മാസത്തെ കുടിശ്ശിക ചൂണ്ടിക്കാട്ടി എന്നെന്നേക്കുമായി റേഷൻ കട അടച്ചിടുന്നത് ശരിയല്ല. അത്തരം സമര രീതികളോട് യോജിപ്പില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
14248 റേഷൻ കടകളാണ് സംസ്ഥാനത്തുളളത്. ഈമാസം 27 മുതൽ അനിശ്ചിതകാല കടയടപ്പ് സമരം റേഷൻ വ്യാപാരികൾ ആരംഭിക്കുന്നതോടെ സാധാരണക്കാരായ ജനങ്ങളാകും ബുദ്ധിമുട്ടിലാകുക.