മദ്യനിർമാണശാല: ഒയാസിസിന് തരംമാറ്റം വീണ്ടും നിരസിച്ചു

0
184

പാലക്കാട് ∙ എലപ്പുള്ളിയിൽ മദ്യനിർമാണശാല ആരംഭിക്കാൻ ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വാങ്ങിയ ഭൂമി തരംമാറ്റാനുള്ള അപേക്ഷ നിരസിച്ച ഉത്തരവിൽ വില്ലേജിന്റെ പേരു തെറ്റിയതോടെ തിരുത്തി പുതിയ ഉത്തരവിറക്കി. ഒയാസിസിന്റെ അപേക്ഷ പാലക്കാട് ആർഡിഒ 2024 സെപ്റ്റംബർ ആറിനാണു നിരസിച്ചത്. എന്നാൽ, ഇതിൽ എലപ്പുള്ളി വില്ലേജ് എന്നതിനു പകരം ഒരിടത്ത് ‘അകത്തേത്തറ’ എന്നാണു രേഖപ്പെടുത്തിയത്. ഇതു തിരുത്തിയാണു ജനുവരി 24നു പുതിയ ഉത്തരവിറക്കിയത്.

 

23.59 ഏക്കർ ഭൂമിയിലെ 5.89 ഏക്കർ തരംമാറ്റാനാണു കമ്പനി അപേക്ഷ നൽകിയത്. 2008 തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡേറ്റ ബാങ്കിൽ ഭൂമിയുടെ തരം വയൽ എന്ന് എഴുതിയതു തെറ്റാണെന്നും ഇതു തിരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു കമ്പനി റവന്യു വകുപ്പിനെ സമീപിച്ചത്. കേരള സ്റ്റേറ്റ് റിമോട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ ഉപഗ്രഹചിത്രം കൂടി പരിശോധിച്ചാണ് ആർഡിഒ തരംമാറ്റം നിഷേധിച്ചത്. മദ്യശാല നിർമാണ വിഷയത്തിൽ തുടക്കം മുതൽ എതിർപ്പു നിൽക്കുന്ന സിപിഐ ആണ് റവന്യു വകുപ്പു ഭരിക്കുന്നത്.

 

തരംമാറ്റം നിഷേധിച്ച ഭൂമിയിൽ മഴവെള്ള സംഭരണി നിർമാണവുമായി മുന്നോട്ടു പോകാനാണു കമ്പനിയുടെ നീക്കമെന്നു സൂചനയുണ്ട്. അതേസമയം, തണ്ണീർത്തട ഭൂമിയിൽ ഇത്തരത്തിൽ മഴക്കുഴി നിർമിക്കാൻ നിയമപരമായ തടസ്സങ്ങളുണ്ട്. കുളം കുഴിക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കേണ്ടി വരും. കുഴിച്ചെടുക്കുന്ന മണ്ണ് പുറത്തേക്കു കൊണ്ടുപോകാനും അനുമതി വാങ്ങണം. ജലമാണു പ്രശ്നമെങ്കിൽ മഴക്കുഴി നിർമിച്ചു ജലം കണ്ടെത്താനുള്ള വിദ്യ കമ്പനിക്ക് ഉപദേശിക്കാമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here