യുവനടിയെ വിളിച്ചുവരുത്തിയത് ദുരുദ്ദേശ്യത്തോടെ’: സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്

0
409

തിരുവനന്തപുരം ∙ യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്നു പൊലീസ്. സിനിമാ ചർച്ചയ്ക്കെന്ന പേരിൽ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയതു ദുരുദ്ദേശ്യത്തോടെയെന്നു കുറ്റപത്രത്തിൽ പറയുന്നതായാണു സൂചന. ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയ സിദ്ദിഖ് അവിടെവച്ച് അവരെ ബലാത്സംഗം ചെയ്തുവെന്നു നേരത്തേ കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറഞ്ഞതു തന്നെയാണു കുറ്റപത്രത്തിലുമുള്ളത്.

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പുതന്നെ നടി പീഡനം വെളിപ്പെടുത്തിയതിനു സാക്ഷികളുണ്ടെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. സംഭവം പുറത്തു പറയുമെന്നു നടി പറഞ്ഞപ്പോൾ, ഒരു പ്രൊഫൈലും ഇല്ലാത്തതിനാൽ അവരെ ആരും വിശ്വസിക്കില്ലെന്നും താനുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ നില പൂജ്യമാണെന്നും പറഞ്ഞ് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം കോടതിയില്‍ സമർപ്പിക്കും.

 

താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള സിദ്ദിഖിന്റെ രാജിക്കു കാരണമായ പീഡനപരാതി ശരിയെന്ന് ഉറപ്പിക്കുകയാണ് പ്രത്യേക അന്വേഷണസംഘം. 2016 ജനുവരി 28ന് ആയിരുന്നു പീഡനമെന്നാണു പരാതി. ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് എത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാന്‍ നടിയെയും കുടുംബത്തെയും സിദ്ദിഖ് ക്ഷണിച്ചതിനും നടി ഹോട്ടലില്‍ എത്തിയതിനും സിദ്ദിഖ് അന്ന് അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

 

8 വര്‍ഷത്തിന് ശേഷമാണ് പരാതി എന്നായിരുന്നു ആരോപണം നിഷേധിക്കാന്‍ സിദ്ദിഖിന്റെ പ്രധാനമായും വാദിച്ചത്. യുവതി സമാന ആരോപണം ഉന്നയിച്ച ഫെയ്സ്ബുക് പോസ്റ്റുകളിലൊന്നും തന്‍റെ പേരില്ലെന്നും വാദിച്ചിരുന്നു. പീഡനത്തിനു പിന്നാലെ യുവതി കൊച്ചിയിൽ ചികിത്സ തേടി. ഈ ഡോക്ടറോട് അന്നുതന്നെ പീഡനവിവരം വെളിപ്പെടുത്തിയെന്നും ഡോക്ടര്‍ മൊഴി നല്‍കിയെന്നും അന്വേഷണസംഘം വിശദീകരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയെടുത്ത കേസുകളില്‍ ശക്തമായ തെളിവുള്ള കേസെന്ന വിശ്വാസത്തോടെയാണ് പ്രത്യേകസംഘം അന്വേഷണം പൂര്‍ത്തിയാക്കിയത്. സുപ്രീം കോടതിയുടെ മുൻകൂർ ജാമ്യമുള്ളതിൽ, നേരത്തേ പൊലീസിനു മുന്നിൽ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് ഉപാധികളോടെ ജാമ്യത്തിൽ വിട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here