പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്. കാമ്പസില്‍ ക്രൂര റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സിദ്ധര്‍ത്ഥന്റെ മരണം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. സിദ്ധാര്‍ത്ഥന്റെ മരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും നീതി അകലെയെന്നാണ് മാതാവ് ഷീബക്കും പിതാവ് ജയപ്രകാശിനും പറയാനുള്ളത്.
2024 ഫെബ്രുവരി 18 നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ തടകിടം മറിച്ച് സിദ്ധാര്‍ത്ഥന്റെ മരണവാര്‍ത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് റാഗിംഗ് ഭീകരതയിലേക്ക് ആണ്. കോളേജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യവിചാരണ ചെയ്തു. ദിവസങ്ങളോളം നീണ്ട ക്രൂര മര്‍ദനങ്ങള്‍ക്ക് ഒടുവില്‍ ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിന് ഇപ്പുറം ഒരുവര്‍ഷം കഴിയുമ്പോഴും നീതിക്കായുള്ള നിയമപോരാട്ടത്തിലാണ് കുടുംബം.
പ്രതികള്‍ക്ക് പല കോണുകളില്‍ നിന്നും സഹായം ലഭിക്കുന്നുവെന്നാണ് പിതാവ് ജയപ്രകാശിന്റെ പരാതി. നീതിക്കായുള്ള നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്നും സിദ്ധാര്‍ത്ഥന്റെ പിതാവ് പറഞ്ഞു. പ്രതികളായ 17 പേരെ പരീക്ഷ എഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് വിധി ഈയടുത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. മരണത്തില്‍ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. തങ്ങളുടെ പോരാട്ടം ഇനി ഒരിക്കലും മറ്റൊരു സിദ്ധാര്‍ത്ഥന്‍ ഉണ്ടാകാതിരിക്കാനെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. എന്നാല്‍ പിന്നീടും സംസ്ഥാനത്ത് കൊടുംഭീകരമായ റാഗിംഗ് കഥകള്‍ നമ്മള്‍ കേട്ടുകൊണ്ടേയിരിക്കുന്നു.