കോഴിക്കോട്∙ 13 വയസ്സുകാരന് കാർ ഓടിക്കാൻ നൽകിയ പിതാവിനെതിരെ കേസെടുത്ത് പൊലീസ്. ചെക്യാട് വേവം സ്വദേശി തേര്‍ക്കണ്ടിയില്‍ നൗഷാദി(37) നെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. കാര്‍ കസ്റ്റഡിയിലെടുത്തു. 13 വയസ്സുകാരൻ കാർ ഓടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് നടപടി.
കഴിഞ്ഞ ഒക്ടോബർ 24നായിരുന്നു സംഭവം. വീടിന് മുൻവശത്തെ റോഡിലൂടെ ചെറിയ കുട്ടി തനിയെ ഇന്നോവ കാർ ഓടിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. പിന്നാലെ ഒട്ടേറെപ്പേർ വിമർശനവുമായി എത്തി. കേരള പൊലീസിന്റെ ശുഭയാത്ര പോർട്ടലിൽ പരാതിയായി എത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും കാർ കസ്റ്റഡിയിൽ എടുത്തതും. ഒരു മാസം മുൻപ് സ്കൂട്ടറിന്റെ പിന്നിൽ ചെറിയ കുട്ടിയെ തിരിച്ചിരുത്തി യാത്ര ചെയ്യുന്ന വിഡിയോ വിവാദമായിരുന്നു. അന്നും പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തിരുന്നു.